പേഷാവര്‍: പാക്കിസ്ഥാനില്‍ 1,300 വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന വിഷ്ണു ക്ഷേത്രം കണ്ടെത്തി. വടക്കു കിഴക്ക് പാക്കിസ്ഥാനിലെ സ്വാത് ജില്ലയില്‍ പാക്-ഇറ്റാലിയന്‍ ഗവേഷകര്‍ സംയുക്തമായി നടത്തി വന്ന പര്യവേക്ഷണത്തിനിടെയാണ് വിഷ്ണു ക്ഷേത്രം കണ്ടെത്തിയത്.
വിഷ്ണുക്ഷേത്രമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഖൈബര്‍ പഖ്തുംഖ്വ പുരാവസ്തു വകുപ്പുദ്യോഗസ്ഥനായ ഫസ്‌ലെ ഖാലിഖ് വ്യാഴാഴ്ച അറിയിച്ചു. ഹിന്ദുഷാഹി സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച ക്ഷേത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
850-1026 സി.ഇ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സാമ്രാജ്യമാണ് ഹിന്ദു ഷാഹി. കാബൂള്‍ താഴ്വര (കിഴക്കന്‍ അഫ്ഗാനിസ്ഥാന്), ഗാന്ധാരം( പാകിസ്ഥാന്-അഫ്ഗാനിസ്ഥാന്), ആധുനിക വടക്ക്പടിഞ്ഞാറന്‍ ഇന്ത്യ എന്നീ പ്രദേശങ്ങളില്‍ ഹിന്ദുഷാഹിയുടെ ഭരണം വ്യാപിച്ചിരുന്നു.
ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തിന് സമീപം സൈനികപ്പാളയങ്ങളുടേയും കാവല്‍ ഗോപുരങ്ങളുടേയും അവശേഷിപ്പുകള്‍ കണ്ടെടുത്തു. കൂടാതെ വലിയ ജലസംഭരണിയും ഇവിടെ കണ്ടെത്തി. ഹിന്ദു ഷാഹി സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ ഈ ഭാഗത്തുനിന്ന് ആദ്യമായാണ് കണ്ടെടുക്കുന്നതെന്നും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാവസ്തുക്കളുടെ വന്‍ശേഖരം സ്വാതിലുണ്ടെന്നും ഫസ്‌ലെ ഖാലിഖ് വ്യക്തമാക്കി.

