പാംഗോഗ് തടാകതീരത്ത് ചൈന പുതിയ ഹെലിപാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : പാംഗോങ്ങില്‍ കൂടുതല്‍ കടന്നുകയറ്റവുമായി ചൈന പുതിയ ഹെലിപാഡ് നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ ഈ ഭാഗത്ത് ചൈന സൈനിക ബലം വര്‍ധിപ്പിച്ചെന്നും ടാങ്കുകളും സൈനിക വാഹനങ്ങളും വിന്യസിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാല്‍വാന്‍ മേഖലയുടെ മേല്‍ ചൈന അവകാശവാദം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം. താടകത്തിന്‍റെ വടക്കന്‍ കരയിലാണ് നിര്‍മാണം. ഫിംഗര്‍ 4നും ഫിംഗര്‍ 5നും ഇടയിലെ പ്രദേശമാണിത്. ഫിംഗര്‍ പോയിന്‍റ് 3യിലാണ് ഇന്ത്യന്‍ സൈനിക ക്യാമ്ബുകള്‍ സ്ഥിതി ചെയ്യുന്നത്.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലില്‍ അവിടെ കേന്ദ്രീകരിച്ചുള്ള തയാറെടുപ്പുകള്‍ കരസേന ആരംഭിച്ചിരുന്നു. ഒരു മാസത്തിലേറെയായി സംഘര്‍ഷം നിലനില്‍ക്കുന്ന 4 സ്ഥലങ്ങള്‍ക്കു പുറമേയാണു മൂന്നിടത്തു കൂടി ചൈന കടന്നുകയറ്റ നീക്കങ്ങള്‍ നടത്തുന്നതെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു.

ഇന്തോ ചൈന അതിര്‍ത്തി തര്‍ക്കം നടക്കുന്ന ഗാല്‍വാന്‍ താഴ്വരയില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു മാസം മുമ്ബ് വിജനമായിരുന്നയിടത്താണ് ചൈന ക്യാമ്ബ് സ്ഥാപിച്ചത്. അമേരിക്കന്‍ കമ്ബനിയായ മാക്സാര്‍ ടെക്നോളജീസാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജൂണ്‍ 22നെടുത്ത ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈന ഗാല്‍വാന്‍ താഴ്‍വരയില്‍ ക്യാമ്ബ് സ്ഥാപിച്ചതായി വ്യക്തമാകുന്നത്.

പാംഗോഗ് തടാകത്തിന് വടക്ക് വശത്തായാണ് കൂടുതല്‍ സൈനികര്‍ വിന്യസിച്ചിരിക്കുന്നത്. സംഘര്‍ഷാവസ്ഥയുള്ള പാംഗോങില്‍ എട്ട് കിലോമീറ്ററോളം ദൂരമാണ് ചൈന അതിക്രമിച്ചു കയറിയത്. കഴിഞ്ഞ എട്ട് ആഴ്ചയായി ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് ഹെലിപാഡ് നിര്‍മാണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

prp

Leave a Reply

*