
അംഫാന്‍ ചുഴലിക്കാറ്റ് തീവ്രമാകുന്ന സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഉത്തര ഒഡീഷയിലും ബംഗാളിലെ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള തീരദേശ മേഖലയിലെ ജനങ്ങളെ ഒഴിപ്പിക്കല്‍ തുടരുകയാണ്. ഒഡീഷ തീരത്ത് ചുഴലിക്കാറ്റ് എത്തുമെന്നാണ് കരുതിയെങ്കിലും ഇപ്പോള്‍ ദിശ മാറിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമബംഗാളിലെ ദിഖ തീരത്തിനും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയില്‍ തീരം തോടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളായി 37 യൂണിറ്റ് ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ കര, വ്യോമ, നാവിക സേനയ്ക്ക് പ്രതിരോധ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഉം-പുന്‍’ ചുഴലിക്കാറ്റ് (Super Cyclone) മണിക്കൂറില്‍ 14 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-കിഴക്ക് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 19 മെയ് 2020 ന് രാവിലെ 5.30 ന് 15.6°N അക്ഷാംശത്തിലും 86.7°E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഒഡീഷയിലെ പരാദീപ് (Paradip) തീരത്ത് നിന്ന് ഏകദേശം 520 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ (South Digha) നിന്ന് 670 കി.മീയും ദൂരെയാണിത്.
