കോഴിക്കോട്: നിപാ വൈറസ് ഭീതിയില്‍ കേരളം വിറയ്ക്കുന്നു. വൈറസ് ബാധിച്ചവരെ പരിചരിച്ച നഴ്സ് മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ഇതോടെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി.
കൂടുതല്‍ ആളുകളിലേക്ക് വൈറസ് പടരുമെന്ന ഭീതിയില്‍ ലിനിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മൃതദേഹം രാവിലെയോടെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു.
പനി മരണത്തിന് പിന്നില്‍ നിപാ വൈറസ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തും. നിപാ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോിയേഷന്‍റെ വിദഗ്ധ സംഘം പനിമരണങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.
അതേസമയം വൈറസ് ബാധയില്‍ ജനം അസ്വസ്ഥരാകേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. രോഗം പടരാതിരിക്കാന്‍ കഴിയുന്നത്ര മുന്‍കരുതല്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പും പരിശോധനയും നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

