ന്യൂഡല്ഹി: പാകിസ്താനുമായി നടന്ന 1965ലെ യുദ്ധത്തില് ഇന്ത്യന് സേനയിലെ ‘മുസ്ലിം റജിമെന്റ്’ ആ രാജ്യവുമായി പോരാടാന് വിസമ്മതിച്ചോ? വിസമ്മതിച്ചുവെന്ന് വിശദീകരിക്കുന്ന വ്യാജവാര്ത്ത സമൂഹ മാധ്യമങ്ങളില് പടര്ന്നു കയറുന്നു. ന്യൂനപക്ഷ വിരോധം കുത്തിവെക്കുന്ന കപട ദേശീയതയുടെ വ്യാജവാര്ത്തയിലെ ഏറ്റവും ശ്രദ്ധേയമായ വശം മറ്റൊന്നാണ്: ഇന്ത്യന് സേനയില് ഒരിക്കലും മുസ്ലിം റജിമെന്റ് ഉണ്ടായിട്ടില്ല.
ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തി റജിമെന്റ് ഇന്ത്യന് സേനക്കില്ല. എന്നാല്, പാകിസ്താനോട് പോരാടാന് വിസമ്മതിച്ചതിനെ തുടര്ന്ന് മുസ്ലിം റജിമെന്റ് നിര്ത്തലാക്കിയെന്നാണ് വ്യാജവാര്ത്തകളിലെ മറ്റൊരു ഉപകഥ. ഇത്തരത്തില് വ്യാജവാര്ത്ത പ്രചരിപ്പിച്ച് സൈന്യത്തില് ചേരിതിരിവുണ്ടാക്കാനും സേനയിലെ മുസ്ലിംകളുടെ മനോവികാരം വ്രണപ്പെടുത്താനുമുള്ള നീക്കങ്ങള്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സേനയിലെ മുന്സേനാ മേധാവികള് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിരിക്കുകയാണ് ഇപ്പോള്.
2013ല് നുരഞ്ഞുപൊന്തിയ ഈ വാര്ത്ത ഇടക്കാലത്തിന് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളില് നിറഞ്ഞതോടെയാണ് മുന് സേനാമേധാവികളുടെ ഇടപെടല്. പാക്, ചൈന അതിര്ത്തികളില് സംഘര്ഷം വളര്ന്നു നില്ക്കുന്ന സമയത്തു തന്നെ വ്യാജവാര്ത്ത പ്രചരിപ്പിക്കുന്നതിലെ ഗൂഢലക്ഷ്യം അവര് ചോദ്യംചെയ്യുന്നു.
നാവികസേന മുന് മേധാവി അഡ്മിറല് എല്. രാംദാസ് അടക്കം ഉയര്ന്ന പദവികളിലിരുന്ന് വിരമിച്ച 120ഓളം പേരാണ് രാഷ്ട്രപതിക്ക് കത്തെഴുതിയത്. സേനയുടെ പല റജിമെന്റുകളിലും മുസ്ലിംകള് സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് കത്തില് ചൂണ്ടിക്കാട്ടി. രാജ്യത്തോടുള്ള അങ്ങേയറ്റത്തെ പ്രതിബദ്ധത പ്രകടമാക്കിയിട്ടുമുണ്ട്. പരമവീര ചക്രം നേടിയ ഹവില്ദാര് അബ്ദുല് ഹമീദ്, ലഫ്. ജനറല് മുഹമ്മദ് സാകി, വീരചക്രം നേടിയ മേജര് അബ്ദുല് റഫീഖാന് എന്നിവര് 1965ലെ യുദ്ധത്തില് പങ്കെടുത്തവരാണ്. ഇത്തരം പ്രചാരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും, വ്യാജവാര്ത്ത പ്രചരിപ്പിക്കുന്നതിന് സാമ്ബത്തിക സഹായം കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഷ്ട്രപതിയോട് കത്തില് ആവശ്യപ്പെട്ടു.

