മോസ്കോ: യുക്രെയ്നെ മറയാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ നേരിട്ടുള്ള യുദ്ധത്തിന് തയ്യാറായിക്കൊള്ളുവെന്ന മുന്നറിയിപ്പുമായി റഷ്യ.
അമേരിക്ക യുക്രെയ്ന് 625 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കിയതിന് പിന്നാലെ ആയുധവും എത്തിച്ചതില്‍ പ്രതിഷേധി ച്ചാണ് റഷ്യയുടെ മുന്നറിയിപ്പ്. അമേരിക്കയിലെ റഷ്യന്‍ അംബാസഡറാണ് റഷ്യയുടെ ഔദ്യോഗിക പ്രതിഷേധം അറിയിച്ചത്.
യുക്രെയ്ന് യുദ്ധ സഹായം നല്‍കുക എന്നാല്‍ നേരിട്ട് തങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. അമേരിക്കയുടെ പ്രകോപന നീക്കം സഖ്യസേനയ്ക്കെതിരേയും യുദ്ധം നടത്താന്‍ തങ്ങളെ നിര്‍ബന്ധിതരാക്കും. അതിശക്തമായ വെല്ലുവിളിയാണ് തങ്ങളുടെ അഖണ്ഡതയ്ക്കെതിരെ നാറ്റോ ഉയര്‍ത്തുന്നതെന്നും റഷ്യ ആരോപിച്ചു.
വിവിധ തരം ആയുധങ്ങളും യുദ്ധോപകരണങ്ങളും കഴിഞ്ഞയാഴ്ചയും നാറ്റോ വിമാനങ്ങള്‍ വഴി യുക്രെയ്നിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. മിസൈലുകളും അമേരിക്ക യുക്രെയ്ന് നല്‍കിക്കഴിഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ റഷ്യയ്ക്കെതിരെ ഭൂരിപക്ഷം രാജ്യങ്ങളും പ്രമേയം പാസാക്കിയതിന് പിന്നാലെ നാല് പ്രവിശ്യകള്‍ കൂട്ടിച്ചേര്‍ത്തുവെന്ന റഷ്യയുടെ പ്രഖ്യാപനത്തെ നാറ്റോ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ആണവാക്രമണ ഭീഷണിയും റഷ്യ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ യുക്രെയ്ന് ആയുധങ്ങളെത്തിച്ചതോടെ മേഖലയില്‍ പ്രശ്നം സങ്കീര്‍ണ്ണമാവുകയാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

