കൊച്ചി: ‘ഇവന് അസുരന്. പക്ഷേ, കൂടെനിന്നവര്‍ക്കും ആരാധിച്ചവര്‍ക്കും ഇവന് ദേവനായിരുന്നു…കാത്തിരിക്കാം ഇവന്റെ ദേവാസുര കഥകള്‍ക്കായി..” വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ലൂമിനസ് ബസിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണിത്.
ലൂമിനസ് ബസിന്റെ ഔദ്യോഗിക പേജുകളില്‍ നിന്നുള്ള ദൃശ്യങ്ങളൊക്കെ ഇന്നലെ രാവിലെതന്നെ അപ്രത്യക്ഷമായെങ്കിലും ഇത്തരം വാഹനങ്ങളെ ഭ്രാന്തമായി ആരാധിക്കുന്നവരുടെ പേജുകളിലും പോസ്റ്റുകളിലും ബസ് ഇപ്പോഴും ‘മിന്നി നില്ക്കുന്നു’. ലൂമിനസിനെ പുകഴ്ത്തുന്ന ഒന്നേകാല്‍ മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കുപുറമേ വിവിധ കോളേജുകളിലും സ്കൂളുകളിലും നല്കിയ സ്വീകരണങ്ങളും ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നിയമലംഘനങ്ങള്‍ കൈമുതലാക്കിയ ‘ലൂമിനസ്’ അസുര ബസ് ദുരന്തത്തിലേക്ക് പാഞ്ഞുകയറിയത് മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗതയില്‍. പരമാവധി വേഗത 65 കി.മി/ മണിക്കൂര്‍ ആണ്. അമിതവേഗതയ്ക്കും അനാവശ്യമായി എയര്‍ഹോണ്‍ മുഴക്കിയതിനും ലൈറ്റുകള്‍കൊണ്ട് ആര്‍ഭാടം കാട്ടിയതിനുമൊക്കെ ലൂമിനസ് ബസിന് കേസുകളുണ്ട്. മോട്ടോര്‍ വാഹനവകുപ്പ് കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ക്രിമിനല്‍ കേസിലെ പ്രതികളോടെന്നപോലെയുള്ള ശിക്ഷാനടപടികള്‍ ബസിന്റെ കാര്യത്തില്‍ ഇല്ലാത്തതുകൊണ്ട് ലൂമിനസിന്റെ ചുറ്റിക്കളി അനസ്യൂതം തുടര്‍ന്നു. ഡ്രൈവര്‍ ജോമോന് എന്ന ജിജോ പത്രോസിന്റെ തന്ത്രങ്ങള്‍ക്ക് മുമ്ബില്‍ വീണുപോയ നിരവധി ആളുകള്‍ ലൂമിനസിന്റെ ആരാധകരാണ്. പ്രത്യേകിച്ച് യുവാക്കള്‍. അത്തരത്തില്‍ ജോമോന്റെ വലയില്വീണവരാണ് മുളന്തുരുത്തി മാര്‍ ബസേസിയോസ് സ്കൂള്‍ അധികൃതരും. ബുധനാഴ്ച ഊട്ടിക്ക് പോയി ശനിയാഴ്ച മടങ്ങിവരുന്ന രീതിയിലായിരുന്നു ഇത്തവണത്തെ പാക്കേജ്. പിന്നെ സംഭവിച്ചതെല്ലാം ദുര്വിധികളായിരുന്നു.
അപകടമുണ്ടാക്കിയ ലൂമിനസ് ഹോളിഡേയ്സ് എന്ന ഈ ടൂറിസ്റ്റ് ബസിന് നിയമലംഘനത്തിന് പിഴ ചുമത്തിയത് നാലുതവണ. ഇതില്‍ മൂന്നെണ്ണത്തിന് പിഴയടച്ചിട്ടില്ല. ഇതോടെ മോട്ടോര്‍ വാഹനവകുപ്പ് ബസ് കരിമ്ബട്ടികയില്‍ പെടുത്തിയിരുന്നു. നിയമവിരുദ്ധമായി ലൈറ്റുകള്‍ പിടിപ്പിച്ചതിന് മൂന്നു തവണയാണ് പിഴയിട്ടത്. തെറ്റായ ദിശയിലെ പാര്‍ക്കിംഗിന് ഒരു തവണയും. പാമ്ബാടി പങ്ങട തെക്കേമറ്റം എസ്. അരുണിന്റെ പേരില്‍ കോട്ടയം ആര്.ടി ഓഫീസിലാണ് 2019ല്‍ ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളില്‍ നിന്ന് പിറവത്തെ ടൂര്‍ പാക്കേജ് എജന്‍സി ലീസിന് എടുത്ത് സര്‍വീസ് നടത്തുകയായിരുന്നു.

