സിയോള്‍: ഉത്തരകൊറിയ കഴിഞ്ഞ ദിവസം ഒരു ‘അജ്ഞാത ആയുധം’ ആകാശത്തേക്ക് വിക്ഷേപിച്ചു. എന്നാല്‍ തൊട്ടടുത്ത നിമിഷം വിക്ഷേപണം പരാജയപ്പെട്ടുവെന്നാണ് വാര്‍ത്ത പുറത്തു വിട്ട ദക്ഷിണകൊറിയന്‍ സൈന്യം അറിയിച്ചത്.
മിസൈലാണെന്ന് സംശയിക്കുന്ന ഈ ആയുധം തലസ്ഥാന നഗരമായ പ്യോംഗ്യാംഗിന് പുറത്തുള്ള എയര്‍ഫീല്‍ഡില്‍ നിന്നാണ് തൊടുത്തിരിക്കുന്നതെന്നും സംശയമുണ്ട്. എന്നാല്‍ ഇത് ഉത്തരകൊറിയയുടെ ഹ്വാസോംഗ്-17 എന്നു വിളിക്കുന്ന ‘മോണ്‍സ്റ്റര്‍’ മിസൈലിന്റെ പരീക്ഷണമായിരുന്നുവെന്നും ചില വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണെന്ന് യുഎസ് ആരോപിക്കുന്ന മിസൈലുകളുടെ മുന്‍ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെ നിരവധി വിക്ഷേപണങ്ങള്‍ നടന്ന എയര്‍ഫീല്‍ഡില്‍ നിന്നാണ് ഈ വിക്ഷേപണവും നടന്നത്.
സുനാന്‍ മേഖലയില്‍ നിന്ന് ബുധനാഴ്ച രാവിലെ 9 30 ഓടെ ആകാശത്തേക്ക് തൊടുത്ത പ്രൊജക്ടൈല്‍ തൊട്ടടുത്ത നിമിഷം തന്നെ പരാജയപ്പെട്ടുവെന്നാണ് സിയോളിലെ ദക്ഷിണ കൊറിയയുടെ സംയുക്ത സൈനിക മേധാവി പ്രസ്താവനയില്‍ പറഞ്ഞത്. അതേസമയം ഉത്തരകൊറിയ ഒരു ബാലിസ്റ്റിക് മിസൈല്‍ ആകാശത്തേക്ക് വിക്ഷേപിച്ചുവെന്ന് ജപ്പാനിന്റെ പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജാപ്പനീസ് മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
പരാജയപ്പെട്ട ഈ വിക്ഷേപണമുള്‍പ്പടെ 2022ലെ ഉത്തര കൊറിയയുടെ പത്താമത്തെ ആയുധ പരീക്ഷണമാണിത്. ഇതില്‍ ഏഴെണ്ണം മിസൈല്‍ പരീക്ഷണങ്ങളും രണ്ടെണ്ണം ഭൂപരിശോധനയ്ക്കായി ഉപയോഗിച്ച ഉപഗ്രഹവുമാണെന്നാണ് ഉത്തരകൊറിയയുടെ വാദം. ഇതില്‍ തന്നെ അവര്‍ പരീക്ഷിച്ച മിസൈലുകള്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണെന്ന് അമേരിക്ക ആരോപിക്കുന്നു. മിസൈല്‍, ആണവായുധ പദ്ധതികളുടെ പേരില്‍ ഉത്തരകൊറിയയ്ക്കെതിരെ പല രാജ്യങ്ങളും ഇതിനകം തന്നെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിരന്തരമായുള്ള ഈ പരീക്ഷണങ്ങളുടെ ഗുരുതരമായ വര്‍ദ്ധനവ് രാജ്യത്തിന് വലിയ ഭവിഷ്യത്തുകളുണ്ടാകുമെന്ന് യുഎസ് താക്കീത് നല്‍കിയിട്ടുണ്ട്.

