ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ; പ്രകോപനപരമായ നീക്കമെന്ന് ദക്ഷിണ കൊറിയ- North Korea, Ballistic Missile, South Korea

സിയോള്‍: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചുവെന്ന് ദക്ഷിണ കൊറിയ. കിഴക്കന്‍ തീരത്തു നിന്നും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായാണ് ദക്ഷിണ കൊറിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്.

ദക്ഷിണ കൊറിയയുമായി സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കാന്‍ യുഎസ് വിമാനവാഹിനിക്കപ്പല്‍ എത്തിയതിനു തൊട്ടു പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനപരമായ നീക്കം. മാത്രമല്ല, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് സിയോള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ തൊടുത്തിരിക്കുന്നത്.

ഉത്തര കൊറിയ നടത്തിയ മിസൈല്‍ വിക്ഷേപണം ഗുരുതരവും പ്രകോപനപരവുമായ പ്രവൃത്തിയാണെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു. ബാലിസ്റ്റിക്, ആണവായുധ പരീക്ഷണങ്ങളില്‍ നിന്നെല്ലാം ഉത്തരകൊറിയയെ യുഎന്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ വിലക്കുകളെ മറി കടന്ന് പലവട്ടം ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തി. 60 കിലോമീറ്റര്‍ ഉയരത്തില്‍ 600 കിലോമീറ്ററോളം ദൂരം ഉത്തര കൊറിയ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സഞ്ചരിച്ചുവെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ സൈന്യം പൂര്‍ണ്ണ സജ്ജമാണെന്നും, നിരീക്ഷണവും ജാ​ഗ്രതയും ശക്തിപ്പെടുത്തുന്നതിന് യുഎസ് സഹായിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയ പ്രതികരിച്ചു.

അതേസമയം, ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡും ബാലിസ്റ്റിക് വിക്ഷേപണം സ്ഥിരീകരിച്ചു. സമുദ്രത്തിലൂടെ സഞ്ചിരിക്കുന്ന കപ്പലുകള്‍ക്ക് ജപ്പാന്‍ സൈന്യം ജാ​ഗ്രത നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ജൂണ്‍ മാസത്തിലും യുഎസ് വിമാനവാഹിനിക്കപ്പല്‍ ഉള്‍പ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം സിയോളും വാഷിംഗ്ടണും പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.

prp

Leave a Reply

*