അര്‍ജന്റീന മുന്നേറ്റ നിരയിലേക്ക് സൂപ്പര്‍ താരം പൗലോ ഡിബാലയെ എത്തിക്കാന്‍ പരിശീലകന് ലയണല്‍ സ്കലോണിയെ ലയണല്‍ മെസ്സി അനുവദിച്ചതായി റിപ്പോര്‍ട്ട്.
ബാഴ്സലോണയിലായിരുന്നപ്പോള്‍ നെയ്മറുടെ പകരക്കാരനായി ഡിബാലയെ ടീമിലെത്തിക്കുന്നതിനെ മെസ്സി എതിര്‍ത്തതായി വാര്‍ത്ത വന്നിരുന്നു. ഒടുവില്‍ കറ്റാലന്‍ ക്ലബ് ഉസ്മാനെ ഡെംബലയെ സൈന്‍ ചെയ്യുകയായിരുന്നു. മെസ്സിക്കൊപ്പം കളിക്കുന്നത് എളുപ്പമല്ലെന്ന് എ.എസ് റോമ താരം അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ മെസ്സി അതൃപ്തനായിരുന്നു.
മെസ്സിയുടെ ‘പിണക്കം’ മാറിയതോടെ ജമൈക്കയെ നേരിടാനുള്ള അര്‍ജന്റീന ടീമില്‍ ഡിബാലയെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍, ആദ്യ ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് താരത്തിന് പരിശീലകനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ജോക്വിന്‍ കൊറിയ, ലൗട്ടരോ മാര്‍ട്ടിനെസ്, എയ്ഞ്ചല്‍ ഡി മരിയ, അലജാഡ്രോ ഗോമസ്, ജൂലിയന്‍ അല്‍വാരസ് എന്നിങ്ങനെ സമ്ബന്നമായ ആക്രമണ നിരയുമായാണ് ഡിബാലക്ക് മത്സരിക്കേണ്ടത്.
34 മത്സരങ്ങളില്‍നിന്ന് മൂന്ന് ഗോളുകള്‍ മാത്രമേ ദേശീയ ടീമിനായി താരം ഇതുവരെ നേടിയിട്ടുള്ളൂ. പരിക്കുകളും മോശം ഫോമും മറ്റുമാണ് തിരിച്ചടിയായത്. ഈ സീസണിന്റെ തുടക്കത്തിലാണ് താരം യുവന്റസില്‍നിന്ന് എ.എസ് റോമയിലേക്ക് ചേക്കേറിയത്. യുവന്റസിനായി 293 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 115 ഗോളുകളും 48 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ജോസ് മൗറീഞ്ഞോയുടെ കീഴില്‍ റോമക്ക് വേണ്ടി നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

