കോഴിക്കോട്; ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ലഹരി കൊടുക്കുകയും കാരിയറാക്കുകയും ചെയ്ത സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കേസ്.
പ്രദേശവാസിയാണ് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയത്. 25 പേര്‍ അടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ലഹരി കൈമാറ്റം നടന്നിരുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുറ്റക്കാരെ തിരിച്ചറിഞ്ഞെന്നും പൊലീസ് പറഞ്ഞു.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനാലുകാരിയാണ് ലഹരിമാഫിയയുടെ വലയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ലഹരി ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നത്. മാനസികസമ്മര്‍ദ്ദം അകറ്റാനുളള മരുന്ന് എന്ന പേരിലാണ് എംഡിഎംഎ നല്‍കിയത്. ഏഴാംക്ലാസില്‍ പഠിക്കുമ്ബോഴായിരുന്നു എംഡിഎംഎ ആദ്യം പരീക്ഷിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.
കയ്യില്‍ ലഹരി ഉപയോഗിക്കുന്നതിന്റെ പാടുകളും പെരുമാറ്റത്തിലെ പൊരുത്തക്കേടും കണ്ട് വീട്ടുകാരാണ് പെണ്‍കുട്ടിയുടെ ലഹരി ഉപയോഗത്തെക്കുറിച്ച് മനസിലാക്കുന്നത്. തുടര്‍ന്ന് കുട്ടിയെ ബെംഗലൂരുവിലുളള പിതാവിനൊപ്പമയച്ചു. അവിടെ നിന്ന് മടങ്ങുംവഴി മൂന്നുഗ്രാം എംഡിഎംഎ കുട്ടി കോഴിക്കോട്ടെ ആവശ്യക്കാര്‍ക്കെത്തിച്ചു. ഇതിന്‍റെ തെളിവ് സഹിതം രണ്ട് മാസം മുമ്ബ് മെഡിക്കല്‍ കൊളജ് പൊലീസിന് പരാതി നല്‍കാനെത്തിയെങ്കിലും പൊലീസ് കേസ് എടുക്കാതെ തിരിച്ചയച്ചു. സ്കൂള്‍ അധികൃതരും സംഭവം ഗൗരവത്തിലെടുത്തില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുടെ കീഴിലുളള ഡീഅഡിക്ഷന്‍ സെന്‍ററില്‍ ചികില്‍സയിലാണ് കുട്ടിയിപ്പോള്‍.

