പത്തനംതിട്ട: മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് നഷ്ടപ്പെട്ടയാളെ തിരിച്ചു കിട്ടിയതിന്റെ അമ്ബരപ്പിലാണ് പത്തനംതിട്ടയിലെ ഒരു കുടുംബം. പന്തളം കുടശനാട് സ്വദേശി സാബു ജേക്കബിന്റെയാണ് ഈ ‘ഉയര്‍ത്തെഴുന്നേല്‍പ്പ്’. വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതി ഇയാളുടെ ശവസംസ്കാരം വരെ നടത്തിയിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ കാണാതായ സാബുവിനെ വെള്ളിയാഴ്ച സുഹൃത്തുക്കളാണ് കണ്ടെത്തിയതും തിരികെയെത്തിച്ചതും. വീട് വിട്ടിറങ്ങിയ സാബുവിനെ അന്ന് ഒരുപാട് അന്വേഷിച്ചെങ്കിലും കുടുംബത്തിന് കണ്ടെത്താനായില്ലായിരുന്നു. ബസില്‍ ക്ലീനിങ്ങും ചെറിയ ജോലികളുമായി നടന്ന സാബു വീട്ടിലെത്തുന്നതും ചുരുക്കമായിരുന്നു.
ഡിസംബര്‍ 24ന് പാലായിലെ ഇടപ്പാടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. അജ്ഞാത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനായി വിവിധ പൊലീസ് സ്റ്റേഷനിലേക്ക് മൃതദേഹത്തിന്റെ ചിത്രങ്ങള്‍ അയച്ചിരുന്നു. ഈ ചിത്രങ്ങള്‍ കണ്ട സാബുവിന്റെ കുടുംബാംഗങ്ങള്‍ക്ക് സംശയം തോന്നി. അടയാളങ്ങളിലെല്ലാം സമാനതകള്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ സാബുവാണെന്ന് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടപടികള്‍ക്ക് ശേഷം ഡിസംബര്‍ 30ന് കുടശനാട് സെന്റ് സ്റ്റീഫന്‍സ് പള്ളിയിലാണ് മൃതദേഹം സംസ്കരിച്ചത്.
ഇതോടെ പാലായില്‍ വാഹനാപകടത്തില്‍ മരിച്ചയാള്‍ ആരാണെന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. ഇയാളെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ പൊലീസ് ആരംഭിച്ചു.

