മലപ്പുറം
‘വിവാദങ്ങളിലേക്ക് വലിച്ചിടപ്പെട്ടതാണ്. സര്‍ക്കാരിന്റെ സഹായം വേണ്ട എന്ന നിഷേധനയമില്ല. വല്യുപ്പയുടെ ക്ലിനിക് നേരത്തെ ഉണ്ടായിരുന്നെങ്കിലും ലൈസന്‍സ് പുതിയതാണ്’–- ലക്ഷണമൊത്ത കള്ളവാര്‍ത്ത നല്കി മനോരമ ന്യൂസ് ചാനല്‍ വിവാദമാക്കിയ തോരപ്പ ഹോമിയോസിലെ ഡോ.
നസീഫ് തോരപ്പ പറഞ്ഞു.
സര്‍ക്കാരിന്റെ സംരംഭകവര്‍ഷം പദ്ധതിയെ പരിഹസിക്കാന്‍ ചാനല്‍ നല്കിയ വാര്‍ത്തയിലാണ് ഡോ. നസീഫ് തോരപ്പയെ അവതരിപ്പിച്ചത്. 60 വര്‍ഷം പഴക്കമുള്ള ക്ലിനിക്കും പുതിയ സംരംഭകപ്പട്ടികയില് എന്നായിരുന്നു വാര്‍ത്ത. സര്‍ക്കാരിന്റെ കണക്ക് കള്ളമെന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. സത്യാവസ്ഥ നസീഫ് പറയുന്നു: ‘മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ചോദിച്ചത് ഈ ക്ലിനിക് നേരത്തെ ഉള്ളതല്ലേ, ലൈസന്‍സ് ഇല്ലേ എന്നാണ്. അതെയെന്നും ഉണ്ടെന്നും മറുപടി പറഞ്ഞു. ലൈസന്‍സ് എപ്പോള്‍ എടുത്തു എന്ന് ചോദിച്ചില്ല. സര്‍ക്കാരിന്റെ സംരംഭകവര്ഷത്തിനെതിരെ വാര്‍ത്ത നല്‍കാനാണ് ഇതെന്ന് അറിയില്ലായിരുന്നു’.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഏഴിനാണ് മലപ്പുറം നഗരസഭാ ഓഫീസില്‍ നസീഫ് പുതിയ ലൈസന്‍സിന് അപേക്ഷിച്ചത്. പ്രവര്‍ത്തനം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന തീയതിയായി കാണിച്ചത് 2022 ഏപ്രില്‍ ഒന്നാണ്. ഏപ്രില്‍ ഒന്നുമുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള ലൈസന്‍സ് കഴിഞ്ഞവര്‍ഷം നവംബര്‍ ഏഴിന് നഗരസഭ അനുവദിച്ചു. നഗരസഭയില്‍ പുതിയ സംരംഭത്തിനുള്ള അപേക്ഷവന്ന് ലൈസന്‍സ് ലഭിച്ചതോടെയാണ് പുതിയ പട്ടികയില്‍ നസീഫിന്റെ പേരും ഇടംപിടിച്ചത്. ‘വല്യുപ്പ തോരപ്പ ബാപ്പു ആയിരുന്നു കോട്ടപ്പടിയില്‍ ഹോമിയോ ക്ലിനിക് നടത്തിയിരുന്നത്. വല്യുപ്പ 2020 ഒക്ടോബറില്‍ മരിച്ചു. പിന്നീടാണ് എന്റെ പേരില്‍ പുതിയ സംരംഭം തുടങ്ങാനുള്ള ലൈസന്‍സിന് അപേക്ഷിച്ചത്’–- ഡോ. നസീഫ് പറയുന്നു.
ഡോ. നസീഫിന് മലപ്പുറം നഗരസഭ കഴിഞ്ഞവര്‍ഷം നവംബര്‍ ഏഴിന് അനുവദിച്ച പുതിയ ലൈസന്‍സ്

