മമ്മൂട്ടിക്ക് പതിവ് തെറ്റിക്കേണ്ടി വരുമോ? മരക്കാര്‍ റിലീസും നീളും! കൊറോണയില്‍ക്കുരുങ്ങി സിനിമാലോകം!

കൊറോണയില്‍ക്കുരുങ്ങി സിനിമാലോകവും. ചിത്രീകരണവും റിലീസുമുള്‍പ്പടെ നിരവധി സിനിമകളാണ് കുരുങ്ങിക്കിടക്കുന്നത്. 800 കോടി രൂപയുടെ നഷ്ടമാണ് ബോളിവുഡിലേതെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. അവധിക്കാലവും വിഷുവും ഒരുമിച്ചെത്തുന്നതിനാല്‍ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിനിടയിലാണ് അപ്രതീക്ഷിത തിരിച്ചടികള്‍. തിയേറ്ററുകളും മാളുകളുമെല്ലാം അടച്ചതോടെ നിലവിലെ ചിത്രങ്ങളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കപ്പേള, 2 സ്റ്റേറ്റ്‌സ്, കോഴിപ്പോര് തുടങ്ങിയ സിനിമകളുടെ റിറീലീസ് ആവശ്യപ്പെട്ട് കപ്പേളയുടെ നിര്‍മ്മാതാവ് സര്‍ക്കാരിനും സിനിമാസംഘടനകള്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

ഫോറന്‍സിക്, ട്രാന്‍സ്, വരനെ ആവശ്യമുണ്ട്, തുടങ്ങിയ സിനിമകളായിരുന്നു തിയേറ്ററുകളിലുണ്ടായിരുന്നത്. തിയേറ്ററുകള്‍ അടച്ചിട്ടതോടെ ഈ സിനിമകളും നഷ്ടത്തിലാവുകയായിരുന്നു. റിലീസ് ചെയ്യാനിരുന്ന സിനിമകളും മാറ്റിവെക്കുകയായിരുന്നു. ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രമായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സായിരുന്നു ആദ്യം റിലീസ് മാറ്റുന്നതിനെക്കുറിച്ച്‌ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായാണ് മറ്റുള്ളവരും തീരുമാനം അറിയിച്ചത്.

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ച്‌ 26ന് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ കൊറോണ സ്ഥിരീകരിക്കുകയും കടുത്ത ജാഗ്രത നിര്‍ദേശങ്ങളും പുറത്തുവന്നതോടെയാണ് ഈ സിനിമയുടെ റിലീസ് മാറ്റിയത്. മോഹന്‍ലാലും മഞ്ജു വാര്യരും നായികാനായകന്‍മാരായെത്തുന്ന ചരിത്ര സിനിമ 100 കോടി ക്ലബില്‍ ഇടംപിടിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യന്‍ സിനിമയിലെ മുന്‍നിര അഭിനേതാക്കളെ അണിനിരത്തിയാണ് പ്രിയദര്‍ശന്‍ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയത്.

മമ്മൂട്ടി ചിത്രമായ വണ്ണിന്റെ റിലീസും മാറ്റിവെച്ചിരിക്കുകയാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണിത്. മമ്മൂട്ടി-മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയായ ദി പ്രീസ്റ്റ് മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം ലാലും മകനും ചേര്‍ന്നൊരുക്കുന്ന സുനാമി തുടങ്ങിയ സിനിമകളുടെ ചിത്രീകരണവും മാറ്റിവെച്ചിട്ടുണ്ട്.

മലയാളത്തില്‍ മാത്രമല്ല തമിഴ്-തെലുങ്ക് സിനിമാമേഖലയിലും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അജിത് ചിത്രമായ വാലിമൈ, ചിമ്ബുവിന്റെ മാനാട് തുടങ്ങിയ സിനിമകളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ചില ചിത്രങ്ങളുടെ ചിത്രീകരണവും മാറ്റിവെച്ചിട്ടുണ്ട്. 150 കോടിയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്. ഓവര്‍സീസുള്‍പ്പടെയുള്ള കാര്യങ്ങളിലാണ് ഭീമമായ നഷ്ടം കണക്കാക്കിയിട്ടുള്ളത്.

prp

Leave a Reply

*