തിരുവനന്തപുരം : മലയാള സിനിമയില് പൗരുഷത്തിന്റെ പ്രതീകമായി ജ്വലിച്ചു നിന്ന ഇതിഹാസ നടന് ജയന് ഓര്മ്മയായിട്ട് ഇന്ന് 40 വര്ഷം. നാവികസേനയിലെ ഉന്നത ഉദ്യോഗത്തില് നിന്നും മലയാള സിനിമയുടെ പൗരുഷമുള്ള താരമായി മാറിയ ജയന് എന്ന കൃഷ്ണന് നായര് ഇന്നും മലയാള സിനിമയില് മരിക്കാത്ത ഓര്മയാണ്. എഴുപതുകളിലെ യുവത്വത്തിന്റെ പ്രതീകമായിരുന്നു ജയന് എന്ന അതുല്യ പ്രതിഭ. വേഷത്തിലും ഭാവത്തിലും പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ല.
ആക്ഷന്ഹീറോ കഥാപാത്രങ്ങളുടെ തുടക്കം ജയനിലൂടെയാണ്. ഒരുകാലത്ത് അദ്ദേഹത്തിന്റെ ബെല്ബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയര് സ്റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു. കാലങ്ങള് എത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഡയലോഗുകളും അംഗ ചലനങ്ങളും മലയാളക്കരയില് പലവിധത്തില് ട്രെന്ഡായി തുടരുന്നു.
1939 ജൂലൈ 25ന് കൊല്ലം ജില്ലയിലെ തേവള്ളിയിലാണ് ജയന് ജനിച്ചത്. സത്രം മാധവന് പിള്ള എന്നും കൊട്ടാരക്കര മാധവന് പിള്ള എന്നും അറിയപ്പെടുന്ന മാധവന്പിള്ളയാണ് പിതാവ്. ഓലയില് ഭാരതിയമ്മയാണ് മാതാവ്. പതിനഞ്ച് വര്ഷം നാവിക സേനയില് ജോലി ചെയ്തു. അമ്മാവന്റെ മകളും അഭിനേത്രിയുമായ ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്ത് പരിചയപ്പെടുത്തിയത്.
1974-ല് ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന് വെള്ളിത്തിരയില് എത്തിയത് . പിന്നീട് ചെറിയ വേഷങ്ങള് ലഭിച്ചുതുടങ്ങി. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന് ജയനു കഴിഞ്ഞു. ഭാവാഭിനയത്തിനൊപ്പം തന്നെ ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിനു മുതല്ക്കൂട്ടായി. അതുകൊണ്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെ പ്രേക്ഷകര് ആവേശപൂര്വ്വം നെഞ്ചിലേറ്റി. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള അഭിനിവേശം തുടക്കത്തില് തന്നെ തിരിച്ചറിഞ്ഞ സംവിധായകര് അദ്ദേഹത്തിനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും മാറ്റിയെഴുതി. ചെറിയ വില്ലന്വേഷങ്ങളില് നിന്നു പ്രധാന വില്ലന്വേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളര്ച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരന് സംവിധാനം ചെയ്ത ശരപഞ്ജരമാണ് നായകനായെത്തിയ ആദ്യചിത്രം.
അങ്ങാടി ആയിരുന്നു ജയനെ ജനകീയ നടനാക്കിത്തീര്ത്ത ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്സിന്റെ ബാനറില് ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുന്കാല കളക്ഷന് റെക്കോര്ഡുകള് മാറ്റിക്കുറിച്ചു. അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷം അദ്ദേഹം തന്മയത്തത്തോടെ കൈകാര്യം ചെയ്തു. ഇംഗ്ലീഷ് ഡയലോഗുകള് പറയുമ്ബോള് ഏവരും കോരിത്തരിപ്പോടുകൂടി കയ്യടിച്ചു.
മറ്റ് നടന്മാര് ഫൈറ്റ് സീനുകള്ക്ക് വേണ്ടി ഡ്യൂപ്പുകളെ ഉരുപയോഗിച്ചപ്പോള് ജയന് അത് സ്വന്തമായി ചെയ്യുകയായിരുന്നു. ഒടുവില് അതിരുകടന്ന സാഹസികത ജയന്റെ ജീവനെടുക്കുകയായിരുന്നു. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 1980 നവംബര് 16നായിരുന്നു അദ്ദേഹം അകാലത്തില് പൊളിഞ്ഞത്. ഹെലിക്കോപ്റ്ററില് വച്ചുള്ള ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തില് മരണം സംഭവിക്കുകയായിരുന്നു. മരണ സമയത്ത് അദ്ദേഹത്തിന് 41 വയസായിരുന്നു.

