മലപ്പുറം : മണല്‍വേട്ടക്കിറങ്ങിയ പൊലീസിനെ കണ്ട് ഭയന്ന് മണല്‍ ലോറി ഉപേക്ഷിച്ച് രണ്ട് യുവാക്കള്‍ ഭാരത പുഴയില്‍ ചാടി. ചമ്രവട്ടം പാലത്തിന് മുകളില്‍ നിന്നും പുഴയില്‍ ചാടിയ രണ്ട് യുവാക്കളില്‍ ഒരാളെ ഇപ്പോഴും കണ്ടെത്താനായില്ല. റഗുലേട്ടര ഷട്ടറുകളെല്ലാം തുറന്ന് പുഴയില്‍ശക്തമായ അടിയൊഴുക്കുണ്ട്. യുവാവിനായുള്ള തിരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
അതളൂര്‍ മാത്തൂര്‍ പുളിക്കല്‍ മന്‍സൂറിനെയാണ് കാണാതായത്. ഇരുവരും മണല്‍ കടത്തുതൊഴിലാളികളാണ്. ഭാരതപ്പുഴയില്‍ നിന്നും ലോറിയില്‍ മണല്‍ ലോഡ് ചെയ്ത ശേഷം കടത്തികൊണ്ടു പോവുകയായിരുന്നു ഇരുവരും. ഈ സമയം മണല്‍വേട്ടക്കിറങ്ങിയ പൊലീസ് ലോറിയെ പിന്തുരുകയും കുറുകെ പൊലീസ് വാഹനം നിറുത്തുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പൊലീസിനെ കണ്ടതോടെ ലോറി നിര്‍ത്തി ഇരുവരും പുഴയില്‍ ചാടുകയായിരുന്നു. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ യുവാവിനായുള്ള തിരച്ചില്‍ തുടരുകയാണ്.
ലോറി പിന്തുടര്‍ന്ന് പിടികൂടിയപ്പോള്‍ ഭയന്ന് പുഴയില്‍ ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.അതേ സമയം നാട്ടുകാരുടെ ആരോപണം പൊലീസിത് നിഷേധിച്ചു. പതിവ് വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ടതോടെ ലോറി ഉപേക്ഷിച്ച് ഇവര്‍ പുഴയില്‍ ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അനധികൃത മണല്‍ കടത്ത് ശക്തമാണ് ഇവിടങ്ങളില്‍. പൊലീസ് രാത്രി സമയങ്ങളില്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുന്നത് പതിവാണ്. അതേസമയം, മണല്‍ കടത്തിന് പൊലീസിന്‍റെ ഒത്താശയുണ്ടെന്ന ആക്ഷേപവുമുണ്ട്.
അനധികൃത മണല്‍കടത്തിന് വാഹനത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഷട്ടര്‍ അടക്കാനാകാത്തതിനാല്‍ വ്യാപകമായ തിരച്ചിലിനു ഇതവരെ സാധിച്ചിട്ടില്ല. രാവിലെ ആറ് മണിക്ക് സംഭവം നടന്നിട്ടും ചമ്രവട്ടം പാലത്തിന്‍റെ റഗുലേറ്റര്‍ ഷട്ടര്‍ തുരുമ്പ് കാരണം അടക്കാനാകാത്തതിനാല്‍ 4 മണിക്കൂറായിട്ടും പുഴയില്‍ കാര്യമായ തിരച്ചിലിനിറങ്ങാനായിരുന്നില്ല .ഇതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധമടക്കം നാട്ടുകാര്‍ നടത്തി.തുടര്‍ന്ന് ഷഷട്ടറുകള്‍ അടച്ച ശേഷം പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിവരികയാണ്. ചമ്രവട്ടം പാലത്തില്‍ കൂടുതല്‍ ജനങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെയും സലത്ത് വിന്യസിച്ചിട്ടുണ്ട്

