ദില്ലി: കൊറോണ വൈറസ് മഹാമാരിക്കൊപ്പം മറ്റ് പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തെ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിര്‍ണയിക്കും. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ഒട്ടും പിന്നിലല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റ 95-ാം വാര്‍ഷിക പ്ലീനറി യോഗത്തില്‍ വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം വ്യവസായികളെ അഭിസംബോധന ചെയ്തത്. രാജ്യത്തിന്റെ പുരോഗതിയില്‍ വ്യവസായികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മോദി അഭിപ്രായപ്പെട്ടു. സ്വാശ്രയ ഭാരതമായിരിക്കണം ലക്ഷ്യം.
എല്ലാ മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കാന്‍ രാജ്യത്തിന് സാധിക്കണം. അവസരങ്ങള്‍ യഥാസമയം ഉപയോഗിക്കാന്‍ കഴിയണം. പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോല്സാഹിക്കപ്പെടേണ്ടതുണ്ട്. പ്രാദേശിക ഉല്പന്നങ്ങള്ക്ക് കൂടുതല്‍ ശക്തമായ വിപണിയാണ് ലക്ഷ്യമിടുന്നത്. കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കിയാല്‍ പുരോഗതി കൈവരിക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

