ലയണല്‍ മെസി, സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാള്‍. പന്തടക്കത്തിലും വേഗതയിലും ഫിനിഷിങിലുമൊക്കെ എതിരാളികളെ ഭീതിപ്പെടുത്തുന്ന അതുല്യ പ്രതിഭ. മെസിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് 2021 ജൂണ്‍ 30. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഒപ്പമുണ്ടായിരുന്ന ബാഴ്സലോണയില്‍ ഇനി മെസി തുടരുമോയെന്നതാണ് ഫുട്ബോള്‍ ലോകത്തെ ഈ നിമിഷത്തിലെ ഏറ്റവും വലിയ ചോദ്യം. ബാഴ്സലോണയുമായുള്ള കരാര്‍ ഇന്ന് അവസാനിക്കാനിരിക്കെ മെസി കരാര്‍ പുതുക്കുമോ അതോ പുതിയ താവളത്തിലേക്ക് ചേക്കേറുമോ?
മെസി ബാഴ്സയില്‍ തുടരുമോയെന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ല. കഴിഞ്ഞ കുറച്ചു കാലങ്ങളായി മെസിയും ക്ലബ് നേതൃത്വവും തമ്മിലുള്ള ബന്ധം അത്ര നല്ല നിലയിലല്ല. മറുവശത്ത് പി.എസ്.ജി, മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയ വമ്ബന്‍മാര്‍ മെസിയെ വലവീശിപിടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഇപ്പോള്‍ കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കളിക്കുന്ന അര്‍ജന്‍റീന ടീമിനൊപ്പമാണ് മെസി. മികച്ച ഫോമില്‍ കളിക്കുന്ന ഈ 34കാരന്‍ അര്‍ജന്‍റീനയുടെ അവസാന രണ്ടു കളികളിലെ ജയത്തിന് ഗോളടിച്ചും ഗോളടിപ്പിച്ചും അടിത്തറയേകി. മെസിയോ അദ്ദേഹത്തിന്‍റെ ഏജന്‍റോ ഇതുവരെ പുതിയ കരാറിനെ കുറിച്ച് മനസ് തുറന്നിട്ടില്ല. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം, ഇത്രയും കാലം തന്റെ കരിയര്‍ മുഴുവന്‍ ചെലവഴിച്ച ക്ലബാണ് ബാഴ്സലോണ. കറ്റാലന്‍ ക്ലബുമായുള്ള 21 വര്‍ഷത്തെ ബന്ധം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ അവസാനിപ്പിക്കുമോയെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റു നോക്കുന്നത്.
2000 സെപ്റ്റംബറില്‍ 13 വയസുകാരനായിരുന്ന ആ അര്‍ജന്‍റീനന്‍ ബാലന്‍ ബാഴ്സലണോയിലെത്തുമ്ബോള്‍, സ്പാനിഷ് ക്ലബിന്‍റെ എക്കാലത്തെയും മികച്ച താരമാണതെന്ന് അന്ന് ആരും കരുതിയിട്ടുണ്ടാകില്ല. ചൊവ്വാഴ്ച ലോകത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ബാഴ്സലോണ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ മെസ്സിയുടെ കരാര്‍ പുതുക്കുമോയെന്ന കാര്യത്തില്‍ പ്രതികരണം നല്‍കാന്‍ അവര്‍ വിസമ്മതിച്ചു.
മെസി ബാഴ്സയില്‍ തുടരണമെങ്കില്‍ ഇന്ന് അര്‍ദ്ധരാത്രിക്ക് മുമ്ബ് ഒരു കരാര്‍ ഒപ്പുവെക്കേണ്ടതുണ്ട്. മെസിയുമായി കരാര്‍ ഉണ്ടാക്കാന്‍ ബാഴ്സലോണ പരാജയപ്പെട്ടാല്‍ അത് ക്ലബിനും പ്രസിഡന്റ് ജോവാന്‍ ലാപോര്‍ട്ടയ്ക്കും നാണക്കേടാണ്. എന്നാല്‍ മെസിയെ പിടിച്ചുനിര്‍ത്തണമെങ്കില്‍ വന്‍ തുക വാഗ്ദാനം ചെയ്തേ മതിയാകൂ. ലോകത്തെ വമ്ബന്‍ ക്ലബുകള്‍ റെക്കോര്‍ഡ് പ്രതിഫലവുമായി മെസിയുടെ പിന്നാലെയുണ്ട്. എന്നാല്‍ ബാഴ്സലോണയുടെ ഇപ്പോഴത്തെ സാമ്ബത്തിക നില അപകടകരമായ അവസ്ഥയിലാണെന്ന വിവരവുമുണ്ട്. ക്ലബിന്റെ മൊത്തം കടം ഒരു ബില്യണ്‍ യൂറോയിലധികമാണ്.
മുന്‍ മേധാവി ജോസെപ് മരിയ ബാര്‍ട്ടോമിയുമായി തെറ്റിയ മെസി കഴിഞ്ഞ വര്‍ഷം ക്ലബ് വിടാന്‍ ശ്രമിച്ചെങ്കിലും പുതിയതായി പ്രസിഡന്‍റ് സ്ഥാനത്തെത്തിയ ലാപോര്‍ട്ട അര്‍ജന്‍റീനന്‍ താരത്തെ നൂ കാമ്ബില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ മെസിയുടെ മനസില്‍ എന്താണുള്ളതെന്ന് ബാഴ്സലോണ അധികൃതര്‍ക്ക് അറിയില്ല. മെസി മറ്റെവിടേക്കെങ്കിലും പോകുമോ, അതോ ബാഴ്സയില്‍ തുടരുമോ എന്നതാണ് അവിടുത്തെ ആരാധകരെ പോലെ ക്ലബ് നേതൃത്വത്തെയും കുഴപ്പിക്കുന്നത്. ‘മെസ്സി എന്താണ് ചെയ്യുന്നതെന്ന് കഴിയുന്നതും വേഗം ഞങ്ങളോട് പറയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് ഞങ്ങളെ പല രീതിയില്‍ സഹായിക്കും,’ ലാപോര്‍ട്ട, ലാ വാന്‍ഗാര്‍ഡിയ പത്രത്തോട് പറഞ്ഞു.
“ഞങ്ങള്‍ മെസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്, മെസിയുടെ കാര്യത്തില്‍ ഞങ്ങള്‍ക്കും, ബാഴ്സയുടെ കാര്യത്തില്‍ അദ്ദേഹത്തിനും വലിയ പ്രതീക്ഷയാണുള്ളത്. ഇത്രയും കാലം ഒപ്പം നില്‍ക്കാനുള്ള സന്നദ്ധത കാണിച്ചതിന് ഞാന്‍ അദ്ദേഹത്തോട് നന്ദിയുള്ളവനാണ്.” കഴിഞ്ഞയാഴ്ച 34 വയസ്സ് തികഞ്ഞ മെസ്സി തിങ്കളാഴ്ച അര്‍ജന്റീനയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരം കളിച്ച താരമായി. കോപ അമേരിക്കയില്‍ ബൊളീവിയയ്‌ക്കെതിരെ 4-1 ന് അര്‍ജന്‍റീന ജയിച്ചപ്പോള്‍ രണ്ട് ഗോള്‍ മെസിയുടെ വകയായിരുന്നു.

