മഹീന്ദ്ര ഇലക്‌ട്രിക് എക്സ്‌യുവിക്ക് കരുത്ത് പകരാന്‍ എല്‍ജി

ടാറ്റ നെക്സോണ്‍ വലിയ മുന്നേറ്റം നടത്തുമ്ബോള്‍ മഹീന്ദ്രയുടെ ആരാധകര്‍ കാത്തിരിക്കുന്നത് എക്സ്‌യുവിയുടെ ഇലക്‌ട്രിക് മോഡലിനാണ്.

ഈ വര്‍ഷം ഇലക്‌ട്രിക് എക്സ്‌യുവി യാഥാര്‍ഥ്യമാകുമെന്ന് നിര്‍മാതാക്കള്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ വാര്‍ത്തകളൊന്നും ഇതു സംബന്ധിച്ച്‌ പുറത്തു വന്നില്ല.

എന്നാല്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ വാഹനം വിപണിയിലെത്തുമെന്നും അതിലേറെ ഈ വാഹനത്തിന് ഇന്ധനമാകുന്നത് എല്‍ജിയുടെ ബാറ്ററി പായ്ക്ക് ആയിരിക്കുമെന്നുമുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഔദ്യോഗിക ഉറപ്പ് ലഭിച്ചിട്ടില്ലെങ്കിലും ബാറ്ററി കരാറുമായി ബന്ധപ്പെട്ട ജോലികള്‍ ഇരു ബ്രാന്‍ഡുകളും ആരംഭിച്ചതായി പിന്നാമ്ബുറ കഥകള്‍ പുറത്തുവരുന്നുണ്ട്.

സാങ്‌യോങ് ടിവോലി അടിസ്ഥാനപ്പെടുത്തി മഹീന്ദ്ര നിര്‍മിച്ച ചെറു എസ്‌യുവി മോഡലായ എക്സ്‌യുവി 400ന്റെ ഇലക്‌ട്രിക് വകഭേദമായിരിക്കും ഇത്.

ഇ-20, ഇ-വെരിറ്റോ എന്നിവ നിര്‍മിച്ചെങ്കിലും എസ്‌യുവി സ്പെഷലിസ്റ്റുകളായ മഹീന്ദ്രയുടെ ഇലക്‌ട്രിക് വകഭേദത്തിനായാണ് വാഹനലോകം കാത്തിരിക്കുന്നത്.

മുന്‍ഗാമിയായ കംബസ്റ്റ്യന്‍ മോഡലില്‍ നിന്നും ഉയരം വര്‍ധിച്ചായിരിക്കും ഇലക്‌ട്രിക് വാഹനം വിപണിയിലെത്തുകയെന്ന് മഹീന്ദ്ര മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്. ബാറ്ററി പാക്ക് പൊസിഷന്‍ ബൂട്ട് സ്പെയ്സില്‍ ആകാന്‍ സാധ്യതയുള്ളതിനാല്‍ ഇടത്തിന്റെ കാര്യത്തിലും കുറവുണ്ടാകുമെന്ന് കരുതാം.

2018ല്‍ എല്‍ജി-മഹീന്ദ്ര കരാര്‍ എഴുതിയിരുന്നതും ഇപ്പോള്‍ പുറത്തു വരുന്നതുമായ സൂചനകള്‍ ചേര്‍ത്തു വായിച്ചാല്‍ മഹീന്ദ്രയുടെ ആദ്യ ഇലക്‌ട്രിക് എസ്‌യുവി അണിയറയില്‍ കച്ചമുറുക്കിയിട്ടുണ്ടെന്നു തീര്‍ച്ചയാണ്.

എക്സ്‌യുവി ഇലക്‌ട്രിക്കിനു പിന്നാലെ മറ്റു 4 മോഡലുകള്‍ കൂടി വിപണിയിലെത്താനുള്ള സാധ്യതയുമുണ്ട്. മഹീന്ദ്ര തദ്ദേശീയമായി വികസിപ്പിച്ച 350 വാറ്റ് പവര്‍ട്രെയിനായിരിക്കും വാഹനത്തിനു കരുത്ത് പകരുന്നത്.

60 കിലോവാട്ട് മുതല്‍ 250 കിലോവാട്ട് വരെയുള്ള ഇലക്‌ട്രിക് മോട്ടറുകള്‍വാഹനത്തിനു കരുത്തേകുമെന്നു വേണം കരുതാന്‍.

സെപ്റ്റംബറില്‍ മഹീന്ദ്രയുടെ ഇലക്‌ട്രീക് ഭീകരന്‍ പുറത്തിറങ്ങാന്‍ കച്ചമുറുക്കുമ്ബോള്‍ ഉള്ളില്‍ ഭയപ്പെടുന്നത് ടാറ്റാ നെക്സോണ്‍ ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.

13 ലക്ഷം രൂപയ്ക്കുള്ളില്‍ വാഹനം വിപണിയിലെത്തിക്കുമെന്ന മഹീന്ദ്രയുടെ വാഗ്ദാനം നിറവേറിയാല്‍ ഇലക്‌ട്രിക് യുഗത്തിലെ മത്സരങ്ങളുടെ ആരംഭമായിരിക്കും സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുക.

prp

Leave a Reply

*