കവര്‍ച്ചക്കൊരുങ്ങിയ 13 അംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

ചിറ്റൂര്‍: വന്‍ കവര്‍ച്ചക്കായി പദ്ധതി തയാറാക്കി നിര്‍ദേശം ലഭിക്കാന്‍ ഒളിത്താവളത്തില്‍ കാത്തിരുന്ന 13 അംഗ ക്വട്ടേഷന്‍ സംഘത്തെ ചിറ്റൂര്‍ പൊലീസ് പിടികൂടി.വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ പന്നിപ്പെരുന്തലയിലെ വീട്ടില്‍നിന്നും സംഘത്തെയും ഇവര്‍ ഉപയോഗിച്ച ട്രാവലര്‍, രണ്ട് കാര്‍, ബൈക്ക് എന്നിവയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തൃശൂര്‍ സ്വദേശികളായ സെബിന്‍ (36), സിജിന്‍ എന്ന കാര്‍ത്തു (37), വിനേഷ് (38), സജിത്ത് എന്ന മണി (37), നിഖില്‍ എന്ന മുത്തു (28), ഉല്ലാസ് (39), രഞ്ജിത്ത് (39), നിധീഷ് (38), മുകേഷ് (35), അനീഷ് (39) നിഖില്‍ (35), ഷാനവാസ് (30) എറണാകുളം സ്വദേശി സ്വരൂപ് (32) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് കവര്‍ച്ച പദ്ധതിയുമായി സംഘം നല്ലേപ്പിള്ളി പന്നിപ്പെരുന്തലയിലെ സങ്കേതത്തിലെത്തിയത്.

പദ്ധതി ആസൂത്രണം ചെയ്ത ആളുടെ നിര്‍ദേശത്തിനായി കാത്തിരിക്കവെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ ക്വട്ടേഷന്‍ – കവര്‍ച്ച ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് ചിറ്റൂര്‍ എസ്.ഐ എം. മഹേഷ് കുമാര്‍ പറഞ്ഞു. പിടിയിലായവര്‍ക്ക് കവര്‍ച്ചയെ സംബന്ധിച്ച്‌ അറിവില്ല. ഇവര്‍ക്ക് നിര്‍ദേശം നല്‍കുന്ന ആളെ സംബന്ധിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ പിടിയിലാവുന്നതോടെ കവര്‍ച്ച പദ്ധതിയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്നും പൊലീസ് പറഞ്ഞു.

prp

Leave a Reply

*