ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട ; 4.26 കോടി രൂപയുടെ കടല്‍വെള്ളരി പിടികൂടി

കൊച്ചി : ലക്ഷദ്വീപില്‍ വന്‍ കടല്‍വെള്ളരി വേട്ട. ലക്ഷദ്വീപ് കേന്ദ്രീകരിച്ച്‌ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ നിന്നും 4.26 കോടി രൂപയുടെ കടല്‍ വെള്ളരി പിടികൂടി. സുഹേലി ദ്വീപില്‍ തമിഴ്‌നാട്ടില്‍ രജ്സ്റ്റര്‍ ചെയ്ത മത്സ്യബന്ധന ബോട്ടില്‍നിന്നാണ് 852 കിലോ ഗ്രാം തൂക്കംവരുന്ന 1,716 കടല്‍വെള്ളരികള്‍ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു . ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ കടല്‍വെള്ളരി വേട്ടയാണിത് . സമുദ്ര ജീവിയായ കടല്‍വെള്ളരി വന്‍തോതില്‍ വിദേശത്തേയ്ക്ക് കടത്തുന്നതിനിടയിലാണ് പിടികൂടിയത് .

കടല്‍വെള്ളരികളുടെ സംരക്ഷണത്തിനായി ലക്ഷദ്വീപ് അടുത്തിടെ പ്രത്യേക ദൗത്യസംഘത്തെ രൂപീകരിച്ചിരുന്നു . ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള കടല്‍വെള്ളരി കടത്ത് കണ്ടെത്തിയത്. ആന്തരികാവയവങ്ങള്‍ നീക്കംചെയ്ത് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത് വലിയ കണ്ടെയ്‌നറുകളില്‍ നിറച്ച നിലയിലായിരുന്നു ഇവ . ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലേയ്ക്കും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്കും കയറ്റിയയ്ക്കാനാണ് ഇത് തയ്യാറക്കിയിരുന്നത് .

ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയില്‍നിന്ന് അറുപത് കിലോമീറ്റര്‍ ദൂരെയാണ് ജനവാസമില്ലാത്ത ദ്വീപാണ് സുഹേലി . ഇവിടെ നിന്ന് ശ്രീലങ്ക അടക്കമുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് കയറ്റിയയ്ക്കാന്‍ സൂക്ഷിച്ചിരുന്നതാണ് ഇവ. ചൂണ്ടകള്‍, ചാട്ടുളി, കത്തികള്‍, വലകള്‍, 200 ലിറ്റര്‍ മണ്ണെണ്ണ, ജിപിഎസ് സംവിധാനം തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.

സമുദ്ര ജീവിയാണ് കടല്‍ വെള്ളരി എന്നറിയപ്പെടുന്ന സീ കുക്കുംബര്‍ . നീളമുള്ള വെള്ളരിയുടെ ആകൃതിയാണ് ഇവയ്ക്ക്. കറുപ്പ്‌, ചുവപ്പ് തുടങ്ങിയ നിറങ്ങളിലും മഞ്ഞവരകളോടെയുമെല്ലാം ഇവയെ കാണാം. മൃദുവായ കുഴലുപോലെയുള്ളതാണ് ഇവയുടെ ശരീരം. ഭക്ഷ്യാവശ്യത്തിനും ഔഷധമായുമെല്ലാം ഇവയെ ഉപയോഗിക്കും . തെക്കുകിഴക്ക് ഏഷ്യ, ചൈന എന്നിവിടങ്ങളില്‍ സൂപ്പുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇവയ്ക്ക് അവിടെ വലിയ ഡിമാന്റാണുള്ളത്.

prp

Leave a Reply

*