ഷിംല: സഹപ്രവര്‍ത്തകനായ ലെഫ്റ്റനന്‍റ് കേണലിന്‍റെ മകളെ ബലാത്സംഗം ചെയ്ത അമ്പത്തിയാറുകാരനായ കേണല്‍ അറസ്റ്റില്‍. ഷിംലയിലെ ആര്‍മി ട്രെയിനിങ് കമാന്‍ഡിലായിരുന്നു സംഭവം.
തിങ്കളാഴ്ചയാണ് ഇരുപത്തിയൊന്നുകാരിയായ യുവതി കേണലിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. പ്രാഥമിക അന്വേഷണത്തിന് ശേഷം ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് യുവതിക്കും കുടുംബത്തിനും പ്രതി ഒരു വിരുന്നൊരുക്കിയിരുന്നു. ഈ ചടങ്ങില്‍ വച്ച് കുട്ടിക്ക് മോഡലിംഗ് രംഗത്ത് നല്ല ഭാവിയുണ്ടെന്ന് പ്രതി കുടുംബത്തെ ധരിപ്പിച്ചു. തുടര്‍ന്ന് പിന്നീടൊരു ദിവസം തന്‍റെ വീട്ടിലേക്ക് വന്നാല്‍ മോഡലിംഗ് രംഗത്തെ ചിലരെ പരിചയപ്പെടുത്തി തരാമെന്നും അറിയിച്ചു. ഇതനുസരിച്ച് പ്രതിയുടെ വീട്ടിലെത്തിയ യുവതിയെ പ്രതിയും കൂട്ടുകാരനും ചേര്‍ന്ന് മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.
കേണലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം പൊലീസ് പുറത്തുവിട്ടെങ്കിലും ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായിട്ടില്ല. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

