കൂദാശ എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന പരാതി വാസ്തവവിരുദ്ധമാണെന്ന് നടന് ബാബുരാജ്. ”പ്രതിഫലമോ മറ്റു ചെലവുകളോ ഒന്നും വാങ്ങാതെ ചെയ്ത ഒരു ചിത്രമായിരുന്നു അത്.
തന്റെ റിസോര്‍ട്ടിന്റെ അക്കൗണ്ട് വഴി 80 ലക്ഷം രൂപയോളം അവര്‍ അയച്ചത് ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായിട്ടായിരുന്നു.
തന്റെ ഭാര്യ വാണി വിശ്വനാഥിനെ ഈ കേസിലേക്ക് വെറുതെ വലിച്ചിഴക്കുകയാണ്.”-ബാബുരാജ് പറയുന്നു.
താന്‍ എടുക്കുന്ന നിലപാടുകള്‍ ഉറക്കം കെടുത്തുന്നവരാണ് ഇത്തരമൊരു ആരോപണത്തിനു പിന്നിലെന്നും വാണി വിശ്വനാഥിനെ ഈ കേസിലേക്ക് വലിച്ചിഴച്ചതിനു മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും കള്ളകേസിനെ നിയമപരമായി നേരിടുമെന്നും ബാബു രാജ് പറഞ്ഞു.
”കൂദാശ എന്ന സിനിമക്ക് ആകെ ചെലവായത് ഒരുകോടി രൂപയാണ്. സിനിമയുടെ സംവിധായകനോട് ചോദിച്ചാല്‍ സത്യം മനസ്സിലാകും. മാത്രമല്ല എന്റെ ഭാര്യ വാണി വിശ്വനാഥുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിന് വാണിയുടെ പേരുകൂടി വലിച്ചിഴച്ചിരിക്കുകയാണ്.
സിനിമയില്‍ ഉള്ളവരും എനിക്കെതിരെ പ്രവര്‍ത്തിക്കുന്ന ചിലരും ചേര്‍ന്നുള്ള ഒരു ഗൂഢാലോചന ഇതിനു പിന്നില്‍ ഉണ്ടെന്നുള്ളത് ഉറപ്പാണ്. ഇത് വെറും കള്ള പരാതിയാണ്. ഇവര്‍ എന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് ആലുവ സൂപ്രണ്ടിന് ഞാന്‍ പരാതി കൊടുത്തിട്ട് ഇവരെ സ്റ്റേഷനില്‍ വിളിപ്പിച്ചിട്ടുണ്ട്.
അന്ന് അവര്‍ അവിടെ വരാതെ ഇപ്പോള്‍ പാലക്കാട് എനിക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. പലരീതിയില്‍ എന്നെ മാനം കെടുത്തുകയാണ് ഇവരുടെ ഉദ്ദേശം. ഈ അടുത്തിടെ ഉണ്ടായ ചില കാര്യങ്ങളില്‍ ഞാനെടുത്ത നിലപാട് പലരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്.
പെണ്ണുകേസില്‍ എന്നെപ്പെടുത്താന് ഇവര്‍ക്ക് കഴിയുന്നില്ല. അതാണ് വാസ്തവവിരുദ്ധമായ ഇത്തരം കഥയുമായി വരുന്നത്. വാണിയെ ഈ കാര്യത്തില്‍ വലിച്ചിഴച്ചതിന് വാണി മാനനഷ്ട കേസ് ഫയല്‍ ചെയ്യാന്‍ പോവുകയാണ്.
ഡിനു തോമസ് സംവിധാനം ചെയ്ത് റിയാസ്, ഒമര്‍ എന്നിവര്‍ നിര്‍മാതാക്കളായ OMR productions 2017-ല്‍ പുറത്തിറക്കിയ “കൂദാശ” സിനിമ മൂന്നാര്‍ വച്ചാണ് ഷൂട്ടിങ് നടന്നത്. താമസം ഭക്ഷണം എല്ലാം എന്റെ റിസോര്‍ട്ടില്‍ ആയിരുന്നു.
അന്ന് ഷൂട്ടിങ് ചിലവിലേക്കായി നിര്‍മാതാക്കള്‍ പണം അയച്ചത് റിസോര്‍ട്ടിന്റെ അക്കൗണ്ട് വഴി ആണ്. ഏകദേശം 80 ലക്ഷത്തില്‍ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിങ് ചിലവിലേക്കായി അയച്ചത്.
സിനിമ പരാജയം ആയിരുന്നു, ഞാന്‍ അഭിനയിച്ചതിന് ശമ്ബളം ഒന്നും വാങ്ങിയില്ല. താമസം ഭക്ഷണം ചിലവുകള്‍ ഒന്നും തന്നില്ല. എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്.
നിര്‍മാതാക്കള്‍ക്കു അവരുടെ നാട്ടില്‍ ഏതോ പൊലീസ് കേസുള്ളതിനാല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോള്‍ VB creations എന്ന എന്റെ നിര്‍മാണ കമ്ബനി വഴി ആണ് റിലീസ് ചെയ്തത്.
കൂടാതെ കേരളത്തില്‍ ഫ്ലെക്സ് ബോര്‍ഡ് വയ്ക്കാന്‍ 18 ലക്ഷത്തോളം ഞാന്‍ ചിലവാക്കുകയും ചെയ്തു. സാറ്റ്ലൈറ്റ് അവകാശം വിറ്റുതരണം എന്ന നിര്‍മാതാക്കളുടെ ആവശ്യപ്രകാരം ഞാന്‍ കുറെ പരിശ്രമിച്ചു എന്നാല്‍ അത് നടന്നില്ല.
പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോള്‍ ഞാന്‍ ആലുവ എസ്പി ഓഫിസില്‍ പരാതി നല്കി, എല്ലാ രേഖകളും കൊടുത്തു നിര്‍മാതാക്കള്‍ പലവട്ടം വിളിച്ചിട്ടും പൊലീസ് സ്റ്റേഷനില്‍ വന്നില്ല.
സത്യം ഇതായിരിക്കെ അവര്‍ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിക്കും എതിരെ ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുകയാണ്. കൂദാശ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ അതിന്റെ വിവരങ്ങള്‍ കിട്ടുമെന്നിരിക്കെ ഇപ്പോള്‍ ഇവര്‍ കൊടുത്തിരിക്കുന്നത് കള്ളക്കേസ് ആണ് അതിനു എതിരെ ഞാന്‍ കോടതിയെ സമീപിക്കും.
2017 കാലത്തെ ഇതുപോലുള്ള കേസുകള്‍ കുത്തിപ്പൊക്കി എന്നെ അപമാനിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എനിക്ക് അറിയാം.
ഒരു കാര്യം ഞാന്‍ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ ”നിലപാടുകളില്‍ ഞാന്‍ ഉറച്ചു നില്ക്കും”.-ബാബുരാജ് പറഞ്ഞു.

