നാടിനെ ഞെട്ടിച്ചു പാതിരാത്രിയില്‍ കൊക്കയില്‍നിന്നു നിലവിളി

അടിമാലി: തിങ്കള്‍കാട് എസ് വളവില്‍ പാതിരാത്രിയില്‍ ഉയര്‍ന്നതു കൂട്ട നിലവിളി. വിദ്യാര്‍ഥികള്‍ ടൂറിനു വന്ന ബസ് കൊക്കയിലേക്കു മറിഞ്ഞത് പാതി രാത്രിയിലാണ്.ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെ നടന്ന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമായിരുന്നു. മലപ്പുറം തിരൂര്‍ ആദവനാട് പരിധി ചേനാടന്‍ വീട്ടില്‍ സൈനുദീന്‍റെ മകന്‍ മുഹമ്മദ് മില്‍ഹാജ് (20) ബസിന്‍റെ അടിയില്‍പ്പെട്ടതോടെയാണ് മരിച്ചത്. നാലു മണിക്കൂറിനു ശേഷമാണ് മില്‍ഹാജിനെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.

തിരൂര്‍ റീജണല്‍ ഐടിഐയിലെ എസി മെക്കാനിക് വിദ്യാര്‍ഥികള്‍ ബ്രീസ് ക്ലബിന്‍റെ നേതൃത്വത്തിലാണ് വിനോദയാത്രയ്ക്കായി വന്നത്. ഡിസംബര്‍ 29ന് തിരൂരില്‍നിന്നു യാത്ര പുറപ്പെട്ട് 30ന് കൊടൈക്കനാലില്‍ എത്തി. അവിടെ നിന്ന് 31ന് തിരിച്ച്‌ രാമക്കല്‍മേട്ടില്‍ എത്തി. തുടര്‍ന്ന് തിങ്കള്‍കാട് വഴി തിരികെ പോകുന്നതിനിടെ ആയിരുന്നു അപകടം. കല്ലാര്‍കൂട്ടി മയിലാടുംപാറ റൂട്ടില്‍ മുനിയറയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാറി തിങ്കള്‍കാട് എസ് വളവിനു സമീപമാണ് ബസ് മറിഞ്ഞത്.

കൊടുംവളവും കുത്തിറക്കവുമുള്ള പ്രദേശമാണ്. ഇറക്കത്തില്‍ ഡ്രൈവര്‍ ബ്രേക്ക് ചവിട്ടിയപ്പോള്‍ ബ്രേക്ക്പാഡ് ജാമായി. ഇതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു കൊക്കയിലേക്കു മറിയുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു ബസ്. വലിയ ശബ്ദവും നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം നേതൃത്വം നല്‍കിയത്.

പിന്നാലെ പോലീസും അഗ്നിരക്ഷാ സേനയും എത്തി. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ വാഹനത്തിനുള്ളില്‍നിന്നു പുറത്തെടുത്തത്. അടിമാലി, രാജാക്കാട്, നെടുങ്കണ്ടം, വെള്ളത്തൂവല്‍ എന്നിവിടങ്ങളില്‍നിന്ന് ആംബുലന്‍സുകളും പോലീസും എത്തി. ഒരു വാഹനത്തില്‍ നാലും അഞ്ചും പേരെ വീതം കയറ്റിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇരുട്ടായതിനാല്‍ ബസിന്‍റെ അടിയില്‍ മില്‍ഹാജ് കിടക്കുന്ന വിവരം രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം മനസിലാക്കാനായില്ല.

പുലര്‍ച്ചെ അഞ്ചോടെ പരിക്കേറ്റ കുട്ടികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം ബസിന്‍റെ അടിയില്‍നിന്നു കണ്ടെത്തിയത്. 32 പേരെ അടിമാലി താലൂക്ക് ആശുപത്രിയിലും ഒന്‍പതു പേരെ അടിമാലി മോണിംഗ് സ്റ്റാര്‍ ആശുപത്രിയിലും എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സാരമായി പരിക്കേറ്റ 16 പേരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധിക്യതര്‍ അറിയിച്ചു.

prp

Leave a Reply

*