കൊടകര കുഴല്‍പ്പണം: അറസ്റ്റിലായത് 20 പേര്‍, സാക്ഷികള്‍ 96 പേര്‍, പിടികൂടിയത് 1.12 കോടി രൂപയും സ്വര്‍ണവും

ബിജെപിയെ പിടിച്ചുലയ്ക്കുന്ന കൊടകര കുഴല്‍പ്പണ കേസില്‍ ഇതുവരെ അറസ്റ്റിലായത് 20 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്നത്. പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരള പൊലീസിനോട് ആവശ്യപ്പെട്ട രേഖകള്‍ ജൂണ്‍ ഒന്നിന് തന്നെ കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസ് സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തളളിയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ സഭയില്‍ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. അതുകൊണ്ട് തന്നെ സഭ നിര്‍ത്തിവെച്ച്‌ വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടകര കേസന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും നീളുന്നുവെന്നാണ് റിപ്പോര്‍ട്ട്. പണം കൊണ്ടുവന്ന ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ തവണ ബന്ധപ്പെട്ടെന്നും കോന്നിയില്‍ നിന്നും കൂടികാഴ്ച്ച നടത്തിയെന്നും അന്വേഷണം കണ്ടെത്തിയിരുന്നു. ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ ബന്ധുവിന്റെ നമ്ബര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.

പലതവണയായി ഇരുവരും ബന്ധപ്പെട്ടിട്ടുണ്ട്. പിന്നീടാണ് ഇത് കെ സുരേന്ദ്രന്റെ മകന്‍റെ നമ്ബര്‍ ആണെന്ന് സ്ഥിരീകരിക്കുന്നത്. ഇരുവരും കോന്നിയില്‍ വെച്ച്‌ കാണുകയും ചെയ്തിരുന്നു. സുരേന്ദ്രന്റെ മകന്റെ മൊഴി എടുത്തേക്കും. നേരത്തെ സെക്രട്ടറിയുടേയും ഡ്രൈവറുടേയും മൊഴി എടുത്തിരുന്നു. മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ പണം കിട്ടി എന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക പിന്‍വലിക്കാന്‍ പണവും ഫോണും നല്‍കിയെന്നാണ് സുന്ദരയുടെ വെളിപ്പെടുത്തല്‍.

prp

Leave a Reply

*