
കൊച്ചി: കിരീടമോഹങ്ങളെല്ലാം നേരേത്തതന്നെ അടിയറവുവെച്ചതിനാല് സമ്മര്‍ദങ്ങളില്ലാതെ സീസണിലെ അവസാന ഹോം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ശനിയാഴ്ച കളിത്തിലിറങ്ങും. മുന്‍ ചാമ്ബ്യന്മാരും ടൂര്‍ണമെന്റിലെ കരുത്തരുമായ ബംഗളൂരു എഫ്.സിയാണ് കലൂര്‍ സ്റ്റേഡിയത്തിലെ അവസാന ഐ.എസ്.എല്‍ പോരില്‍ ബ്ലാസ്റ്റേഴ്സിെന്റ എതിരാളികള്‍. എട്ടു ജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയുമുള്ള ബംഗളൂരു 29 പോയന്റുമായി മൂന്നാം സ്ഥാനത്താണ്.
സെമി ഉറപ്പിച്ച ബംഗളൂരുവിനെതിരെ ബൂട്ടണിയുന്ന മഞ്ഞപ്പട ഏഴ് തോല്‍വിയും ആറ് സമനിലയും മൂന്ന് ജയവുമായി 15 പോയേന്റാടെ സെമി പ്രതീക്ഷകളില്‍നിന്ന് നേരത്തേ പുറത്തായിക്കഴിഞ്ഞു. ഇരു ടീമുകളുടെയും സ്ഥാനങ്ങളെ ബാധിക്കില്ലെങ്കിലും ദക്ഷിണേന്ത്യക്കാരുടെ കളിയില്‍ വാശിയൊട്ടും കുറയില്ല. ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള രണ്ടു ടീമുകളുടെ പോരാട്ടമാണിത്. ചിരവൈരികളാണെങ്കിലും ബ്ലാസ്റ്റേഴ്സിന് ഇതുവരെ നീലപ്പടയെ തോല്‍പിക്കാനായിട്ടില്ല. ഇതുവരെ കളിച്ച അഞ്ചുമത്സരങ്ങളില്‍ നാലിലും കര്‍ണാടക ടീം ജയിച്ചു. ഒരു മത്സരം സമനിലയിലൊടുങ്ങി.
എ.എഫ്.സി യോഗ്യത മത്സരത്തില്‍ വമ്ബന്‍ ജയം നേടിയാണ് ബംഗളൂരു എഫ്.സി കൊച്ചിയിലെത്തുന്നത്. ഭൂട്ടാന് ക്ലബായ പാറോ എഫ്.സിയെ 9-0ത്തിനാണ് ബംഗളൂരു തോല്പിച്ചത്. ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. ഉദാന്ത സിങ്, സുനില്‍ ഛേത്രി, ഡിമസ് ഡെല്‍ഗാഡോ, മലയാളി താരം ആശിഖ് കുരുണിയന്, എറിക് പാര്ടലു, ദെഷോണ്‍ ബ്രൗണ്‍ തുടങ്ങി വമ്ബന്‍ താരങ്ങളാണ് ബംഗളൂരുവിെന്റ കരുത്ത്. പ്ലേ ഓഫ് ഉറപ്പിച്ചിരിക്കെ, പ്രുമഖര്ക്ക് വിശ്രമം നല്‍കിയാകും കോച്ച് കാര്‍ലസ് കഡ്രാട്ട് ടീമിനെ ഇറക്കുന്നത്.
അതേസമയം, കൊച്ചിയിലെ അവസാന മത്സരം ജയിച്ച് അഭിമാനത്തോടെ സീസണ് അവസാനിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്സിെന്റ ഒരുക്കം. സ്വന്തം തട്ടകത്തില്‍ രണ്ടു ജയം മാത്രമാണ് ഇതുവരെ നേടാനായത്. ബംഗളൂരുവിനെയും അവസാന കളിയില്‍ ഒഡിഷയെയും തോല്പിച്ചാലും സൂപ്പര്‍ കപ്പ് സാധ്യതയും ബ്ലാസ്റ്റേഴ്സിന് നിലവിലില്ല. ഒഗ്ബച്ചെയും മെസി ബൗളിയുമടങ്ങുന്ന ഇലവനെ തന്നെയാവും അയല്‍ക്കാര്‍ക്കെതിരെ എല്‍കോ ഷട്ടോറി അണിനിരത്തുന്നത്.
