തിരുവനന്തപുരം: കറുപ്പിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമൊടുവില്‍ മൂന്ന് ദിവസത്തെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്ത് കറുത്ത വസ്ത്രം ധരിക്കുന്നതിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കറുത്ത നിറത്തിലുള്ള ഷര്‍ട്ട് ധരിക്കുന്നതിനോ മാസ്ക് ധരിക്കുന്നതിനോ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും, സര്‍ക്കാരിനെതിരെ ഉയരുന്നത് വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, റോഡുകളില്‍ ബാരിക്കേഡും വന്‍ പൊലീസ് സന്നാഹവും ഗതാഗതനിയന്ത്രണവുമായി മുഖ്യമന്ത്രിക്ക് കേരളം ഇന്നുവരെ കാണാത്ത സുരക്ഷ മൂന്നാം ദിവസവും തുടര്‍ന്നു. കറുത്ത മാസ്ക്കിന് നിരോധനമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച വൈകിട്ട് അറിയിച്ചെങ്കിലും നടപടിയില്‍ നിന്നും പോലീസ് പിന്നോട്ട് പോകാതിരുന്നത് ആണ് വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായത്. വേദിയില്‍ നിന്ന് വേദിയിലേക്ക് ചീറിപ്പാഞ്ഞ് പോകുന്ന മുഖ്യമന്ത്രി സംഭവങ്ങള്‍ അറിഞ്ഞിട്ടും പ്രതികരിക്കാതിരുന്നത് പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടി.
പ്രതിഷേധമുയര്‍ന്ന ആദ്യദിവസം തന്നെ ഔദ്യോഗിക പ്രതികരണം അറിയിച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു കലുഷിത സാഹചര്യത്തിലേക്ക് കേരളം നീങ്ങില്ലായിരുന്നുവെന്ന് വ്യക്തം. പ്രതിപക്ഷ കക്ഷികള്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടാന്‍ അവസരമൊരുക്കിയത് കറുത്ത മാസ്ക് ‘വിലക്ക്’ തന്നെയായിരുന്നു എന്ന് പറയാതിരിക്കാനാകില്ല.
പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി ആയിരിക്കെ, 2013 സെപ്റ്റംബറില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെ സോളര്‍ ആരോപണം ഉയര്‍ന്നപ്പോള്‍ നടത്തിയ പ്രസ്താവനയും ഇതിനിടെ പ്രതിപക്ഷം ആയുധമാക്കി. ‘കരിങ്കൊടി കാണിക്കാന്‍ പോകുന്നവരുടെ കയ്യില്‍ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ. ആ തുണിക്കു പകരം തന്റെ ഷര്‍ട്ട് ഊറി വീശിയെന്നു പറയുന്നു. അതൊരു ക്രിമിനല്‍ കുറ്റമാണോ? പ്രതിഷേധത്തിന്റെ രൂപമല്ലേ, ആ പ്രതിഷേധം പ്രകടിപ്പിച്ചാല്‍ ശാരീരികമായി തകര്‍ക്കും, മാത്രമല്ല ചെറുപ്പക്കാരന്റെ ലൈംഗിക ശേഷി പോലും ഇല്ലാതാക്കും എന്ന നാണംകെട്ട നില എങ്ങനെയാണ് നമ്മുടെ നാട്ടിലെ പൊലീസിന് സ്വീകരിക്കാന്‍ കഴിയുക?’, എന്നായിരുന്നു അന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നത്.

