സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു, കേരളത്തില്‍ ഇന്ന് 24 സര്‍വീസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിലെ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃരാരംഭിച്ചു. 33 ശതമാനം സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. കേരളത്തില്‍ ഇന്ന് 24 സര്‍വീസുകളുണ്ട്.

ഡല്‍ഹിയില്‍ നിന്ന് പുണെയിലേക്കുള്ള ആദ്യവിമാനം പുലര്‍ച്ചെ 4.45 നും മുംബൈ- പട്‌ന വിമാനം രാവിലെ 6.45 ന് യാത്ര തിരിച്ചു. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഏഷ്യ വിമാനവും എത്തി.

ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്ബനികളാണ് സര്‍വീസ് നടത്തുന്നത്.

വിമാന സര്‍വീസ് തുടങ്ങുന്നതിനോട് മഹാരാഷ്ട്ര, ബംഗാള്‍, ഛത്തീസ്ഗഡ്, തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. വ്യോമയാനമന്ത്രാലയം 33 സര്‍വീസ് നിര്‍ദേശിച്ചെങ്കിലും 25 സര്‍വീസ് തുടങ്ങാനേ മഹാരാഷ്ട്ര സമ്മതിച്ചുള്ളു. ഉംപുന്‍ ചുഴലിക്കാറ്റുണ്ടാക്കിയ നാശം കാരണം വ്യാഴാഴ്ച്ച മുതലേ ബംഗാളില്‍ നിന്ന് വിമാനമുണ്ടാകൂ.

യാത്രാദൈര്‍ഘ്യം കണക്കിലെടുത്ത് ഏഴ് മേഖലകളാക്കി തിരിച്ചാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. മാര്‍ച്ച്‌ 25നാണ് ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തിവച്ചത്.

മുംബയ്, ഡല്‍ഹി, അഹമ്മദാബാദ്, ചെന്നൈ, ബംഗളൂരു, പട്‌ന, പൂന്നെ, കൊച്ചി തുടങ്ങി പ്രമുഖ നഗരങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാകും. വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവളങ്ങളില്‍ ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കുന്ന വിമാനത്താവളങ്ങളില്‍ കര്‍ശനമായ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് യാത്രക്കാരെ പ്രവേശിപ്പിച്ചത്.

prp

Leave a Reply

*