കാട്ടായിക്കോണം സംഘര്‍ഷം; സിപിഎം പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍; കാറിലെത്തി ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ കേസില്ല

തിരുവനന്തപുരം: കാട്ടായിക്കോണത്ത് ബിജെപിയുടെ ബൂത്ത് തകര്‍ത്ത് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. സുര്‍ജിത്ത് എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്തത്. സ്ത്രീകളടക്കമുള്ള ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലാണ് നടപടി. 2016 ലെ തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിലും ഇയാള്‍ പ്രതിയാണ്. ബാക്കി നാല് പേരെ ജാമ്യത്തില്‍ വിട്ടു.

അതേസമയം കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മുകാരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സംശയമുള്ളതിനാല്‍ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. കാറില്ലെത്തിയവര്‍ ആക്രമിച്ചിട്ടില്ലെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പൊലീസ് നിലപാട്. എന്നാല്‍ ബിജിപി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തതില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.നേതാക്കളെ കൈയേറ്റം ചെയ്തതിലും തങ്ങള്‍ക്കെതിരെ മാത്രം നടപടിയെന്നതിലും പൊലീസിനെതിരെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ്.

പൊലീസ് ബിജെപി ഏജന്റിനെപ്പോലെ പെരുമാറുന്നുവെന്ന് കടകംപള്ളി ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ അക്രമത്തിന് കടകംപള്ളി നേതൃത്വം നല്‍കിയെന്ന ഗുരുതര ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്. കേരള പൊലീസിനും മുകളില്‍ പൊലീസുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് കേന്ദ്ര ഇടപെടലുണ്ടായതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസ് നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം കാട്ടായിക്കോണത്ത് തുടര്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം.

prp

Leave a Reply

*