പുനഃസംഘടന ; കാരുണ്യം തേടി 7 ഡിസിസി അധ്യക്ഷര്‍ ; പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുമെന്ന്‌ സൂചന നല്‍കി തരൂര്‍

തിരുവനന്തപുരം

കെ സുധാകരന്‍ പേര് വെട്ടിയതോടെ പുറത്താക്കല്‍ പട്ടികയില്‍പ്പെട്ട ഡിസിസി അധ്യക്ഷര്‍ പിടിച്ചുനില്‍ക്കാന്‍ പോരാട്ടം തുടങ്ങി.

പ്രതിപക്ഷ നേതവ് വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പിന്‍ബലത്തോടെയാണ് ശ്രമം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കോഴിക്കോട് എന്നീ ഏഴ് ഡിസിസി അധ്യക്ഷര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ചാണ് സുധാകരന്‍ മാറ്റാന്‍ നീക്കം നടത്തുന്നത്. ഒരുടേംപോലും പൂര്‍ത്തിയാക്കാത്തവരാണ് ഇവര്‍.

തിരുവനന്തപുരത്ത് പാലോട് രവി അധ്യക്ഷനായത് സുധാകരനൊപ്പം ഉറച്ചുനില്‍ക്കുമെന്ന ഉറപ്പിലായിരുന്നെങ്കിലും താമസിയാതെ വി ഡി സതീശനൊപ്പം ചേര്‍ന്നു. ജോഡോ യാത്രയുടെ സ്വീകരണ പരിപാടി തിരുവനന്തപുരം ജില്ലയില്‍ മോശമാക്കി എന്നതും പാലോട് രവിയെ നീക്കുന്നതിന് കാരണമായി പറയുന്നു.

പത്തനംതിട്ടയിലെ പ്രൊഫ. സതീഷ് കൊച്ചുപറമ്ബില്‍ സുധാകരന്റെ ആളായിട്ടുകൂടി നീക്കേണ്ട അവസ്ഥയാണ്. നേതാക്കള്‍ രണ്ടു ചേരിയായി തിരിഞ്ഞ് ഏറ്റുമുട്ടുന്ന ഇവിടെ മറ്റൊരു പ്രൊഫസറായ പി ജെ കുര്യനാണ് പാര്‍ടി ഭരിക്കുന്നതെന്നും എതിര്‍വിഭാഗം പറയുന്നു. വയനാട് എന്‍ ഡി അപ്പച്ചനെ ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ മാറ്റിയേക്കും. ആലപ്പുഴയില്‍ ബാബു പ്രസാദിനെയും മാറ്റാനാണ് നീക്കമെങ്കിലും ചെന്നിത്തലയുടെ സമ്മതമില്ലാതെ നടക്കില്ല. പാലക്കാട്, കോഴിക്കോട് അധ്യക്ഷരും ഇപ്പോള്‍ മാറാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്.

പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുമെന്ന് സൂചന നല്‍കി തരൂര്‍
കേരള നേതാക്കള്‍ കടുത്ത നിലാട് എടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെയും നോമിനേഷനിലൂടെ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചന. മറ്റുള്ളവരെല്ലാം മത്സരിക്കണമെന്നും തന്റെ കാര്യമല്ല പ്രധാനമെന്നും തരൂര്‍ പറഞ്ഞതും ഇത് ശരിവയ്ക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചശേഷം സോണിയ ഗാന്ധിയെ കണ്ടിരുന്നത് ഓര്‍മിപ്പിച്ചാണ് മത്സരിക്കാനില്ലെന്ന് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞത്. മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാല്‍ ഉണ്ടാകാവുന്ന അപകടംകൂടി കണ്ടാണ് നിലപാട് വ്യക്തമാക്കിയത്. എന്നാല്‍, പ്ലീനറി സമ്മേളനത്തില്‍ തഴയപ്പെട്ടാല്‍ തരൂര്‍ എന്ത് നിലപാട് എടുക്കുമെന്നതും പ്രധാന ചര്‍ച്ചയാണ്. തൃണമൂലിനൊപ്പം നില്‍ക്കുമെന്നും അതല്ല കപില്‍ സിബല്‍, ഗുലാംനബി ആസാദ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് പുതിയ പാര്‍ടി രൂപീകരിക്കുമെന്നും ഡല്‍ഹി കേന്ദ്രീകരിച്ച്‌ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.

prp

Leave a Reply

*