പയ്യമ്ബളളി: വയനാട്ടില്‍ കുറുക്കന്‍മൂലയ്‌ക്ക് സമീപം പയമ്ബള്ളി പുതിയടത്ത് കടുവയെ കണ്ടെത്തിയ സ്ഥലത്ത് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കവും വാക്കേറ്റവും.
ഇന്നലെ രാത്രി 12.30 ഓടെ ദൂരയാത്ര കഴിഞ്ഞ് എത്തിയ കുടുംബം ഈ പ്രദേശത്ത് കടുവയെ കണ്ടിരുന്നു. എന്നാല്‍ ഇക്കാര്യം അറിയിച്ചിട്ടും കടുവയെ പിടിക്കാനുളള സംവിധാനവുമായി വനംവകുപ്പ് ഉദ്യോഗസ്ഥരെത്താഞ്ഞതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
നാല് മണിക്ക് ഇറങ്ങി പരിശോധന നടത്തുമെന്നാണ് സബ്കളക്ടര്‍ ഉള്‍പ്പെടെ യോഗം ചേര്‍ന്ന് തീരുമാനിച്ചത്. എന്നാല്‍ പുലര്‍ച്ചെ നാല് മണി മുതല്‍ നാട്ടുകാര്‍ കാത്തിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയില്ല. രാത്രി കടുവയെ കണ്ടതോടെ വനംവകുപ്പില്‍ അറിയിച്ചെങ്കിലും ഒരു ഡ്രൈവറും ബീറ്റ് ഓഫീസറും മാത്രമാണ് നാട്ടുകാരെ വിവരം അറിയിക്കാന്‍ ഒപ്പമുണ്ടായിരുന്നത്. ഒരു മുളവടി പോലും ഇവരുടെ കൈയ്യില്‍ ഇല്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ചീമക്കൊന്നയുടെ കമ്ബ് ഒടിച്ച് കൈയ്യില്‍ പിടിച്ചാണ് വീടുകള്‍ തോറും കയറിയിറങ്ങി കടുവയെ കണ്ട കാര്യം അറിയിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
കടുവയെ കണ്ടെത്തിയാല്‍ വിളിച്ചു പറഞ്ഞാല്‍ പത്ത് മിനിറ്റിനുളളില്‍ എത്തുമെന്നും ട്രാക്ക് ചെയ്യുമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് സംഘവുമായി നാട്ടുകാര്‍ ഇക്കാര്യം പറഞ്ഞ് വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.
അതേസമയം രാവിലെ 9 മണി മുതല്‍ വ്യാപക തെരച്ചില്‍ തുടങ്ങുമെന്നും 30 പേരടങ്ങുന്ന ആറു സംഘങ്ങളെ നിയോഗിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. 180 വനം വകുപ്പ് ജീവനക്കാരും 30 പോലീസുകാരും സംഘത്തിലുണ്ടാകും. പുതിയടത്ത് ട്രാക്കിംഗ് ടീം പരിശോധന ആരംഭിച്ചിട്ടുണ്ട്.

