കൊച്ചി > നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍കൂടി അറസ്റ്റിലായി.
തൃക്കാക്കര സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി ജെ ജോസഫ് അറസ്റ്റിലായിരുന്നു. തനിക്കെതിരെ കോണ്‍ഗ്രസ് നല്കിയ കേസുകള്‍ പിന്‍വലിച്ചാലും പരസ്യമായി ഖേദപ്രകടനം നടത്താതെ പ്രശ്നം തീരില്ലെന്ന നിലപാടില്‍ ജോജു ഉറച്ചുനില്‍ക്കുകയാണ്. ജോജുവിനെതിരെ ഉന്നയിച്ച തെറ്റായ ആരോപണങ്ങളില്‍ ഖേദം പ്രകടിപ്പിക്കാതെ, അച്ചടിഭാഷയില്‍ പ്രസ്താവന നടത്തി ചുളുവില്‍ തലയൂരാനായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം.
ജോജുവിനെ നിയമപരമായി നേരിടുമെന്നും വേണ്ടിവന്നാല്‍ ജയിലില്‍ പോകുമെന്നുമൊക്കെയാണ് തുടക്കത്തില്‍ ഡിസിസി നേതൃത്വം പറഞ്ഞത്. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും സ്ത്രീകളെ അപമാനിച്ചെന്നുമുള്ള ആരോപണത്തിനു പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍മുതല്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസുവരെയുള്ളവര്‍ ഇങ്ങനെ പറഞ്ഞത്. ജോജുവിന്റെ മറ്റൊരു കാറിന്റെ രജിസ്ട്രേഷന് ഹരിയാനയിലാണെന്നും അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് മാറ്റിയെന്നും പറഞ്ഞ് മറ്റുചില കേസുകളും കോണ്‍ഗ്രസ് ഇതിനിടെ നല്കി.
ഉപരോധസമരത്തിനിടെ പ്രതിഷേധിച്ചപ്പോള്‍ ജോജു മാസ്ക് വച്ചില്ലെന്ന മറ്റൊരു പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് നല്കി സമ്മര്‍ദത്തിലാക്കലായിരുന്നു ലക്ഷ്യം. എന്നാല്‍ ജോജു നല്കിയ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം ചുവടുമാറ്റി. ജോജുവിന്റെ അഭിഭാഷകനുമായും സുഹൃത്തുക്കളുമായി ഒത്തുതീര്‍പ്പിന് ഡിസിസി മുന്നിട്ടിറങ്ങി. പ്രതിപക്ഷനേതാവ് വി ഡി സതീശനായിരുന്നു മുന്‍കൈയെടുത്തത്.

