ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട ജോണിന്‍റെ അവസാനത്തെ ഡയറിക്കുറിപ്പ്

ആന്‍ഡമാന്‍: ആൻഡമാനിൽ ആദിവാസികളുടെ അമ്പേറ്റ് കൊല്ലപ്പെട്ട അമേരിക്കൻ പൗരൻ ജോൺ ചൗ അവസാനമായി എഴുതിയ കത്ത് പുറത്ത്. താൻ കൊല്ലപ്പെടുകയാണെങ്കിൽ തന്നോടോ ദൈവത്തിനോടോ ദേഷ്യപ്പെടരുതെന്നാണ് ജോൺ ചൗ കത്തിൽ കുറിച്ചിരിക്കുന്നത്. മാതാപിതാക്കൾക്കെഴുതിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

‘എനിക്ക് ഭ്രാന്താണെന്ന് എല്ലാവരും ചിന്തിച്ചേക്കാം. എന്നാൽ ജീസസിനെ കുറിച്ച് ഇവിടുള്ള ആദിമ നിവാസികളോട് പറയേണ്ടത് എന്‍റെ പ്രധാന കടമയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനാൽ ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ എന്നോടോ ദൈവത്തിനോടോ ദേഷ്യപ്പെടരുത്’- ജോൺ ചൗ കത്തിൽ കുറിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് പണം നൽകി അവരുടെ  സഹായത്തോടെയാണ് ജോൺ ആൻഡമാൻ ദ്വീപിൽ എത്തിയത്. ദ്വീപിലെത്തിയതോടെ ജോണിന് നേരെ ദ്വീപിലെ ഗോത്ര വർഗക്കാർ അമ്പെയ്‌തെങ്കിലും ദേഹത്ത് കൊള്ളാതെ ജോൺ രക്ഷപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ ബോട്ടിലേക്ക് സുരക്ഷിതമായി തിരികെ എത്തിയ ഇയാൾ ഇവിടെ വെച്ചാണ് രക്ഷിതാക്കൾക്ക് കത്തെഴുതിയത്. കത്ത് മത്സ്യത്തൊഴിലാളികളെ ഏൽപ്പിച്ച് അന്ന് രാത്രി ബോട്ടിൽ കഴിച്ചു കൂടുകയായിുന്നു ജോൺ.

തൊട്ടടുത്ത ദിവസം വീണ്ടും ദ്വീപിലേക്ക് തിരിച്ചെങ്കിലും കടൽതീരത്ത് കൂടി ദ്വീപിലെ ആദിവാസികൾ യുവാവിന്‍റെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോകുന്ന കാഴ്ച്ചയാണ് പിന്നീട് തങ്ങൾ കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ സെന്റിനലി ഗോത്രത്തില്‍ 40 പേരുണ്ടെന്നാണ് 2011ലെ സെന്‍സസ് അനുസരിച്ചുള്ള വിവരം. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവര്‍ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാല്‍ അവര്‍ അമ്പും വില്ലുമായി ആക്രമിക്കും. 2004 ലെ സുനാമി സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ദ്വീപിനു മുകളില്‍ കൂടി പറന്ന ഹെലികോപ്റ്ററിനു നേരേയും ഇവര്‍ അമ്പെയ്തിരുന്നു.

prp

Leave a Reply

*