ചെന്നൈ∙ ജെല്ലിക്കെട്ടിന് അനുമതി നൽകുന്ന ബില്‍ നിയമസഭ അംഗീകരിച്ചു. അംഗീകാരം നൽകിയതിനെ തുടർന്നു മറീന ബീച്ചിലെ സമരം വിദ്യാർഥികൾ അവസാനിപ്പിച്ചു. മുഖ്യമന്ത്രി ഒ. പനീർസെൽവം അവതരിപ്പിച്ച ബില്ലിനാണ് തമിഴ്നാട് നിയമസഭ അംഗീകാരം നൽകിയത്. ചെന്നൈയിലെ മറീന ബീച്ചിലുൾപ്പെടെ ജെല്ലിക്കെട്ട് സമരക്കാരെ പിരിച്ചുവിടാനുള്ള പൊലീസ് നീക്കം ഇന്നലെ തമിഴ്നാട്ടിലെങ്ങും വ്യാപക സംഘർഷത്തിന് ഇടയാക്കിയിരുന്നു. സമരക്കാരും പൊലീസും നേർക്കുനേർ ഏറ്റുമുട്ടി, പൊലീസ് സ്റ്റേഷനും ഒട്ടേറെ വാഹനങ്ങൾക്കും സമരക്കാര്‍ തീവയ്ക്കുകയും ചെയ്തു. പരുക്കേറ്റ പോലീസുക്കാരെയും ആളുകളെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


