IPL 2021: ജഡേജ മികച്ച ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് വളര്‍ന്നിരിക്കുന്നു- സഞ്ജയ് ബംഗാര്‍

മുംബൈ: തുടര്‍ച്ചയായി നാല് ജയങ്ങളുമായി കുതിച്ചിരുന്ന വിരാട് കോലിയുടെ ആര്‍സിബിയെ പിടിച്ചുകെട്ടി സിഎസ്‌കെ. 69 റണ്‍സിനാണ് കോലിപ്പടെയെ ധോണിയും ശിഷ്യന്മാരും തകര്‍ത്തത്. അവസാന ഓവര്‍ വരെ ആര്‍സിബിയുടെ വരുതിയിലായിരുന്ന മത്സരം ഹര്‍ഷല്‍ പട്ടേലിന്റെ ഒറ്റ ഓവറില്‍ രവീന്ദ്ര ജഡേജ സിഎസ്‌കെയ്ക്ക് അനുകൂലമാക്കി മാറ്റി. 37 റണ്‍സാണ് അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ വഴങ്ങിയത്. ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ്പ് തലയിലണിയുന്ന താരവും ഡെത്ത് ഓവറില്‍ മികച്ച പ്രകടനം നടത്തുന്ന താരവുമാണ് ഹര്‍ഷലെങ്കിലും ജഡേജയുടെ മാസ്മരിക ബാറ്റിങ്ങിന് മുന്നില്‍ അദ്ദേഹത്തിന് അടിയറവ് പറയേണ്ടിവന്നു.

ഇപ്പോഴിതാ ജഡേജയുടെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ചും ആര്‍സിബി ബാറ്റിങ് ഉപദേശകനുമായ സഞ്ജയ് ബംഗാര്‍. ബാറ്റ്‌സ്മാനെന്ന നിലയിലേക്ക് ജഡേജ വളര്‍ന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ‘വളരെ ആത്മവിശ്വാസത്തോടെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്. 2016 മുതല്‍ തുടര്‍ച്ചയായി ടെസ്റ്റ് ടീമിന്റെ ഭാഗമായി അവനുണ്ടായിരുന്നു. വിദേശ പര്യടനങ്ങളിലും അവന്‍ ഭാഗമായിരുന്നു.

ബാറ്റ്‌സ്മാനെന്ന നിലയില്‍ അവന്‍ വളരെയധികം വളര്‍ന്നുവെന്നാണ് കരുതുന്നത്. അവന്റെ പ്രതിഭ എന്തെന്ന് എല്ലാവര്‍ക്കുമറിയാം. ആഭ്യന്തര ക്രിക്കറ്റില്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണവന്‍. സിഎസ്‌കെയിലും ഇന്ത്യന്‍ ടീമിലും അവന്‍ മികച്ച രീതിയില്‍ സംഭാവന ചെയ്യുന്നത് കാണുമ്ബോള്‍ സന്തോഷം തോന്നുന്നു. ഇന്നത്തെ മത്സരത്തിലെ ഗെയിം ചെയിഞ്ചറാണവന്‍’-സഞ്ജയ് പറഞ്ഞു.

19 ഓവര്‍ അവസാനിക്കുമ്ബോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 154 എന്ന നിലയിലായിരുന്നു സിഎസ്‌കെ. അതിനാല്‍ത്തന്നെ 170ന് മുകളിലേക്ക് സ്‌കോര്‍ ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയും സിഎസ്‌കെ ക്യാംപും പ്രതീക്ഷിച്ചിരിക്കില്ല. എന്നാല്‍ അവസാന ഓവറിലെ ആദ്യ നാല് പന്തും ജഡ്ഡു അതിര്‍ത്തി കടത്തി. ഇതില്‍ മൂന്നാം പന്ത് നോബോളിലാണ് സിക്‌സര്‍ നേടിയത്.നാലാം പന്തില്‍ ഡബിള്‍ നേടിയ താരം അഞ്ചാം പന്തും സിക്‌സര്‍ നേടിയപ്പോള്‍ അവസാന പന്തില്‍ ബൗണ്ടറിയും സ്വന്തമാക്കി.

28 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 62 റണ്‍സുമായാണ് ജഡേജ പുറത്താവാതെ നിന്നത്. ബൗളിങ്ങിലും ജഡേജയ്ക്ക് തിളങ്ങാനായി. വാഷിങ്ടണ്‍ സുന്ദറിനെ പുറത്താക്കിയ ജഡേജ അപകടകാരികളായ ഗ്ലെന്‍ മാക്‌സ് വെല്ലിനെയും എബി ഡിവില്ലിയേഴ്‌സിനെയും ക്ലീന്‍ബൗള്‍ഡ് ചെയ്തു. നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് അദ്ദേഹം നേടിയത്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ജഡേജ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ്.

prp

Leave a Reply

*