അബുദാബി: യുഎഇയും ഇസ്രായേലും സംയുക്തമായ നിര്‍മ്മിച്ച ആദ്യത്തെ ആളില്ലാ നാവിക കപ്പല്‍ പ്രവര്‍ത്തന സജ്ജമായതായി റിപ്പോര്‍ട്ട്.
ഗള്‍ഫ് മേഖലയിലെ സമുദ്രത്തില്‍ നിന്നുള്ള ഭീഷണികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സംയുക്ത സംരംഭവുമായി ഇരു രാജ്യങ്ങളും രംഗത്തെത്തിയത്.
ഏറ്റവും പുതിയ സെന്‍സറുകളും ഇമേജിംഗ് സംവിധാനവും ആണ് കപ്പലില്‍ സജ്ജീകരിച്ചിരിക്കുന്നത്. നിരീക്ഷണത്തിനും മൈനുകള്‍ കണ്ടെത്താനും ഇവ സഹായിക്കുമെന്ന് കപ്പല്‍ നിര്‍മ്മാതാക്കള്‍ പറയുന്നു. അബുദാബി തീരത്ത് നടന്ന നേവല്‍ ഡിഫന്‍സ് ആന്‍ഡ് മാരിടൈം സെക്യൂരിറ്റി എക്‌സിബിഷനില്‍ (NAVDEX) ആണ് കപ്പലിന്റെ സവിശേഷതകള്‍ പ്രദര്‍ശിപ്പിച്ചത്.
ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസും (ഐഎഐ) യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഡിഫന്‍സ് കണ്‍സോര്‍ഷ്യമായ എഡ്ജും ചേര്‍ന്നാണ് കപ്പല്‍ നിര്‍മ്മിച്ചത്. നിരവധി ഡ്രോണ്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണ ഭീഷണികളും നേരിടുന്ന ഗള്‍ഫ് മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാകും ഈ കപ്പല്‍ എന്നാണ് കരുതുന്നത്.
‘യൂറോപ്യന്‍ ചിന്താഗതി’: എസ്. ജയശങ്കര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍
‘മൈനുകളുടെ ഭീഷണിയും മറ്റ് ആക്രമണ ഭീഷണികളും പരിഹരിക്കാനായി ഞങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് നിര്‍മ്മിച്ച പ്രോജക്‌ട് ആണിത്,’ ഐഎഐയുടെ നേവല്‍ ഉദ്യോഗസ്ഥനായ ഓറന്‍ ഗുട്ടര്‍ പറഞ്ഞു.
ഇസ്രായേല്‍ നാവിക സേനയിലെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് ഗുട്ടര്‍. ഈ പ്രദേശത്തെ ഭീഷണികളെ പ്രതിരോധിക്കാന്‍ കപ്പലുകള്‍ക്ക് കഴിയുമെന്നും അവയെ വിദേശത്തേക്ക് കൂടി വിന്യസിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വ്യോമമേഖലയിലെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് യുഎഇയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഗുട്ടര്‍ വ്യക്തമാക്കി. കൂടാതെ രാജ്യത്തിന്റെ നാവിക ശേഷി ശക്തിപ്പെടുത്തുമെന്നും ഗുട്ടര്‍ കൂട്ടിച്ചേര്‍ത്തു.
2020ലെ എബ്രഹാം ഉടമ്ബടിയോടെയാണ് യുഎഇ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നിലവില്‍ വന്നതാണ് എബ്രഹാം ഉടമ്ബടി. ഇതോടെ പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും മുന്നോട്ട് വരികയായിരുന്നു.

