കൊച്ചി ;ഇറച്ചി മുറിക്കുന്ന യന്ത്രം വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമെന്ന് പോലീസ്.
സിനിമാ നിര്‍മ്മാതാവ് സിറാജുദ്ദീന്‍, എറണാകുളം സ്വദേശി തുരുത്തുമ്മേല്‍ സിറാജ് , തൃക്കാക്കര സ്വദേശി ഷാബിന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണം കടത്തിയത്. പ്രതികള്‍ മുന്‍പും വലിയ യന്ത്രങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇതിന്റെ ഭാഗമായി ബംഗളൂരു മുംബൈ വിമാനത്താവളങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മൂന്ന് പേരും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് പണം മുടക്കിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകനാണ് ഷാബിന്‍. ഇയാള്‍ നഗരസഭയിലെ കരാറുകാരനാണ്. ഇതുവഴി കിട്ടിയ പണവും വിദേശത്ത് സ്വര്‍ണം വാങ്ങാനായി ഉപയോഗിച്ചു എന്നാണ് കണ്ടെത്തല്‍.
സിനിമാ നിര്‍മ്മാതാവായ സിറാജ്ജുദ്ദിന്റെ വീട്ടില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍. എഎ ഇബ്രാഹിംകുട്ടിയുടെയും സഹോദരന്റെയും വീട്ടിലും റെയ്ഡ് നടന്നിരുന്നു. ഇവിടെ നിന്ന് ലാപ്‌ടോപ്പ് ഉള്‍പ്പെടെ കസ്റ്റംസ് പിടിച്ചെടുത്തു. തുരുത്തുമ്മേല്‍ എന്റര്‍പ്രൈസിന്റെ പേരില്‍ നേരത്തെയും ഇത്തരത്തില്‍ കാര്‍ഗോ എത്തിയിട്ടുണ്ട്. തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസിന്റെ പേരിലാണ് ഇറച്ചി മുറിക്കുന്ന യന്ത്രം എത്തിച്ചത്. കമ്ബനിയിലെ നാല് ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്നാണ് ഇബ്രാഹിം കുട്ടിയുടെ വീട് പരിശോധിച്ചത്.
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രിയാണ് ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണ്ണം പിടികൂടിയത്. ദുബായില്‍ നിന്ന് കാര്‍ഗോ വിമാനത്തിലെത്തിയ രണ്ടേകാല്‍ കിലോ സ്വര്‍ണ്ണമാണ് കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ പാഴ്‌സല്‍ ഏറ്റെടുക്കാനെത്തിയ തൃക്കാക്കര സ്വദേശി നകുലിനെ കസ്റ്റഡിയിലെടുത്തിരുന്നു.

