കേന്ദ്ര സെക്രട്ടറി പദവിയില്‍ നിന്നു തന്‍റെ പിതാവിനെ നീക്കിയത് ഇന്ദിരാഗാന്ധി: ജയശങ്കര്‍

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ ഉത്പാദന സെക്രട്ടറി പദവിയില്‍ പിതാവായ ഡോ. കെ. സുബ്രഹ്മണ്യനെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് നീക്കിയതെന്ന് മകനും വിദേശകാര്യമന്ത്രിയുമായ ഡോ.എസ്. ജയശങ്കര്‍. രാജീവ് ഗാന്ധിയുടെ കാലത്ത്, തന്‍റെ പിതാവിനെ മറികടന്നാണ് ജൂണിയര്‍ ഓഫീസറെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചതെന്നും മന്ത്രി ആരോപിച്ചു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജയശങ്കറുടെ വെളിപ്പെടുത്തല്‍. 1979 ലെ ജനതാ സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായി നിയമിതനായ സുബ്രഹ്മണ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് മാറ്റിയത്. ഇന്ത്യയിലെ പ്രമുഖ ദേശീയ സുരക്ഷാതന്ത്രജ്ഞരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കെ. സുബ്രഹ്മണ്യം 2011ല്‍ അന്തരിച്ചു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1980-ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനു തൊട്ടുപിന്നാലെയാണ് സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയത്. രാജീവ് ഗാന്ധിയുടെ കാലത്തും അനീതിയുണ്ടായി. വളരെ നേരായ വ്യക്തി ആയതിനാല്‍ ആകാം തന്‍റെ പിതാവിനെ മാറ്റിയതെന്നും അഭിമുഖത്തില്‍ ജയശങ്കര്‍ പറഞ്ഞു.

എന്നാല്‍, യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 2015 ജനുവരിയിലാണ് ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറിയായത്. ചൈനയിലും അമേരിക്കയിലും ഉള്‍പ്പെടെ സുപ്രധാന സ്ഥാനപതി പദവികളിലും ജയശങ്കര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ജനുവരി വരെ വിദേശകാര്യ സെക്രട്ടറി പദവിയില്‍ തുടര്‍ന്നു. സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം നരേന്ദ്ര മോദിയാണ് വിദേശകാര്യ മന്ത്രിയായി നിയമിച്ചത്.

മികച്ച നയതന്ത്ര ഉദ്യോഗസ്ഥനാകാനും വിദേശകാര്യ സെക്രട്ടറി പദവിയിലേക്ക് ഉയര്‍ത്തപ്പെടാനും താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞു. ഏറ്റവും മികച്ച ഫോറിന്‍ സര്‍വീസ് ഓഫീസര്‍ ആകണമെന്നായിരുന്നു മനസില്‍. ഏറ്റവും മികച്ചതിന്‍റെ നിര്‍വചനം ഒരു വിദേശകാര്യ സെക്രട്ടറിയായി അവസാനിക്കുക എന്നതായിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.

prp

Leave a Reply

*