
വെലിങ്ടണ്: ന്യൂസിലന്‍ഡിനെതിരെ സൂപ്പര്‍ ഓവറില്‍ സൂപ്പര്‍ വിജയം നേടി പരമ്ബര സ്വന്തമാക്കിയതിെന്റ ആവേശവുമായി ടീം ഇന്ത്യ വെള്ളിയാഴ്ച വെലിങ്ടണില്‍ നാലാം ട്വന്റി20ക്കായി പാഡുകെട്ടും. ബുധനാഴ്ച അവസാന ഓവറില്‍ കിവീസിനെ പിടിച്ചുകെട്ടി സ്കോര്‍ തുല്യമാക്കിയ മുഹമ്മദ് ഷമിയും സൂപ്പര്‍ ഓവറിലെ അവസാന രണ്ടു പന്തുകളും സിക്സര്‍ പറത്തിയ രോഹിത് ശര്‍മയുമാണ് ഇന്ത്യക്ക് പരമ്ബരയില്‍ 3-0ത്തിെന്റ അഭേദ്യ ലീഡ് സമ്മാനിച്ചത്.
വെള്ളിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന ശേഷിക്കുന്ന രണ്ട് ട്വന്റി20കളില്‍ ഇന്ത്യ ചില പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കും. എങ്കിലും പരമ്ബര തൂത്തുവാരാന്തന്നെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മൂന്നാം ട്വന്റി20ക്കുശേഷം സെഡോണ്‍ പാര്‍ക്കില്‍ വ്യക്തമാക്കിയിരുന്നു.
ടോപ് ഫോറില്‍ ആര്‍ക്കെങ്കിലും വിശ്രമം അനുവദിച്ച് ഋഷഭ് പന്ത്, സഞ്ജു സാംസണ് എന്നിവരില്‍ ഒരാള്‍ക്ക് അവസരം നല്‍കുമെന്ന് സൂചനയുണ്ട്. യുവതാരങ്ങള്‍ക്ക് ടീമില്‍ ഇടംനല്‍കാനായി കോഹ്ലിയും രോഹിത് ശര്‍മയും ഒാരോ മത്സരത്തില്‍നിന്ന് മാറിനിന്നേക്കും. ബൗളര്‍മാരില്‍ കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സെയ്നി എന്നിവരും ഊഴം കാത്തിരിക്കുന്നു.
