ഇന്ത്യയില്‍ വസുദൈവ കുടുംബകം എന്ന സങ്കൽപ്പത്തിൽ വിശ്വസിക്കുന്നവരാണുള്ളതെന്ന് നരേന്ദ്ര മോഡി. ആഫ്രിക്കയുമായി ഇന്ത്യയ്ക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും അതിനിയും അങ്ങനെത്തന്നെ
മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകം ഇന്ത്യയെ വ്യത്യസ്തമായിട്ടാണ് നോക്കിക്കാണുന്നത്. ഇതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാം. ഇന്നു ലോകത്തിന്റെ ഏതു ഭാഗത്തും തല ഉയർത്തിപ്പിടിച്ച് ഇന്ത്യക്കാർക്ക് സഞ്ചരിക്കാം, മോഡി പറഞ്ഞു.
മനുഷ്യരാശിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഭീകരവാദത്തിനെതിരെ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും പോരാടേണ്ടതുണ്ട്. ലോകം നേരിടുന്ന രണ്ടു വലിയ പ്രശ്നങ്ങളായ ഭീകരവാദത്തിനും ആഗോളതാപനത്തിനും പരിഹാരം കാണാൻ ലോകരാജ്യങ്ങൾ ഒത്തൊരുമിക്കണമെന്നും മോഡി ആവശ്യപ്പെട്ടു. കെനിയയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ നല്ല ഭരണം കാഴ്ച വയ്ക്കാൻ കഴിഞ്ഞ രണ്ടുവർഷം കൊണ്ട് കഴിഞ്ഞു. നിരവധി പദ്ധതികൾ നടപ്പിലാക്കി. ജനങ്ങളുടെ ജീവിത നിലവാരത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിച്ചു. ലോകം ഇന്നു സാമ്പത്തിക തകർച്ചയിലൂടെ കടന്നുപോവുകയാണ്. അപ്പോഴും ഇന്ത്യ 7.6 ശതമാനം സാമ്പത്തിക വളർച്ച നേടി. ഇതു പ്രശംസയർഹിക്കുന്ന വസ്തുതയാണ്. ഇനിയും മുന്നേറി 8 ശതമാനം വളർച്ച നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

