ന്യൂഡല്‍ഹി : ജമ്മു വിമാനത്താവളത്തില്‍ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ ഭീകരര്‍ ഡ്രോണുപയോഗിച്ച് ആക്രമണം നടത്തിയത് രാജ്യം ഗൗരവമായിട്ടാണ് കാണുന്നത്. ആദ്യമായിട്ടാണ് ഡ്രോണ്‍ ഉപയോഗിച്ച് ഭീകരര്‍ ആക്രമണം നടത്തുന്നത്. വ്യോമസേനയുടെ കോടികള്‍ വിലമതിക്കുന്ന വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡ്രോണുകളെ അയച്ചതെങ്കിലും ഭീകരര്‍ക്ക് ലക്ഷ്യം തെറ്റുകയായിരുന്നു. എന്നാല്‍ ഡ്രോണ്‍ ആക്രമണം നടന്നതിന് പിന്നാലെ ഭീകരര്‍ക്ക് ചുട്ട മറുപടി നല്‍കണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നുമുണ്ട്.
ഇന്ത്യയുടെ ആദ്യ നടപടി
ഡ്രോണ്‍ ആക്രമണത്തിന് ശേഷം കരുതലോടെയാണ് ഇന്ത്യയുടെ നീക്കം. ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് യു എന്നില്‍ അംഗരാജ്യങ്ങളെ അറിയിക്കുകയാണ് ഇന്ത്യ സ്വീകരിച്ച ആദ്യ നടപടി. പൊതുസഭയില്‍ അംഗരാജ്യങ്ങളുടെ തീവ്രവാദ വിരുദ്ധ ഏജന്‍സികളുടെ തലവന്റെ രണ്ടാം ഉന്നതതല സമ്മേളനത്തിലാണ് തീവ്രവാദത്തിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് ഇന്ത്യന്‍ പ്രതിനിധി അഭിപ്രായപ്പെട്ടത്. മുന്‍പും ഭീകരാക്രമണങ്ങളുണ്ടാകുമ്ബോള് ലോകരാജ്യങ്ങളെ കാര്യങ്ങള്‍ ഇന്ത്യ ധരിപ്പിച്ചിരുന്നു. പാകിസ്ഥാന്റെ ഭീകരമുഖം ലോകത്തിന് മുന്നില്‍ ഉയര്ത്തിക്കാട്ടുവാന് കിട്ടുന്ന ഒരു അവസരവും ഇന്ത്യ പാഴാക്കാറില്ല. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി ആക്രമണ ശേഷം ഭീകരര്‍ എവിടെ ഒളിച്ചാലും ചുട്ട മറുപടി നല്‍കുക എന്ന നയമാണ് ഇന്ത്യ സ്വീകരിക്കുന്നത്.
നാല്‍വര്‍ സംഘത്തിന്റെ കൂടിച്ചേരല്‍
രാജ്യത്ത് ആദ്യമായി ഡ്രോണ്‍ ആക്രമണം നടത്തിയ സംഭവത്തിന് ശേഷം ആദ്യമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതും ഏറെ വാര്‍ത്താ പ്രാധാന്യം നേടുന്നുണ്ട്. പ്രതിരോധ മേഖലയിലെ ഭാവി വെല്ലുവിളികളെക്കുറിച്ചും, സേനയെ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് സജ്ജമാക്കുന്നതിനെക്കുറിച്ചുമുള്ള ചര്ച്ചകളാന് നടന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പാകിസ്ഥാന് അടുത്ത ഡോസ് നല്കാന് സമയമായി എന്ന തലത്തിലാണ് ഈ ചര്‍ച്ചയെ വിലയിരുത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തില്‍ രണ്ട് സ്ഫോടനങ്ങള്‍ നടന്നത്, ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. പാകിസ്ഥാന്റെ അതിര്‍ത്തിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് ജമ്മു വിമാനത്താവളം. ഈ ആക്രമണത്തിന് പിന്നാലെ ജമ്മുവിലെ സൈനിക സ്റ്റേഷന് സമീപത്തായും
രണ്ട് ഡ്രോണുകള്‍ കണ്ടെത്തി. പാകിസ്ഥാന് ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ തായ്ബയ്ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു.

