ഇന്ത്യയോട് മുട്ടാന്‍ കരുത്തില്ലാതെ പാകിസ്ഥാന്‍; പോര്‍ വിമാനങ്ങളും അന്തര്‍വാഹിനികളും നവീകരിച്ച്‌ നല്‍കില്ലെന്ന് ഫ്രാന്‍സ്

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി നടത്തുന്ന പ്രതിരോധ സഹായ സഹകരണങ്ങള്‍ നിര്‍ത്തി വയ്‌ക്കാന്‍ ആലോചിച്ച്‌ ഫ്രാന്‍സ്. പാരിസില്‍ സ്‌കൂള്‍ അദ്ധ്യാപകനെ പാക് വംശജനായ യുവാവ് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വളരെ മോശമായിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പരിഹസിക്കുന്നത് വരെയെത്തി കാര്യങ്ങള്‍. ഫ്രഞ്ച് വാരികയായ ചാര്‍ലി ഹെബ്‌ഡോയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് മുതലുണ്ടായ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പാകിസ്ഥാന്റെ അവസ്ഥ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ പ്രധാന ആയുധമായ മിറാഷ് യുദ്ധവിമാനങ്ങളും വായുവിലൂടെ ശത്രുവിനെ പ്രതിരോധിക്കുന്ന സംവിധാനങ്ങളും അഗൊസ്‌റ്റ 90 ബി ക്ളാസ് അന്തര്‍വാഹിനികളും നവീകരണം നടത്തി നല്‍കേണ്ടെന്ന് ഫ്രാന്‍സ് തീരുമാനിച്ചു. മാത്രമല്ല ഫ്രാന്‍സ് റഫാല്‍ യുദ്ധവിമാനങ്ങള്‍ നല്‍കിയിട്ടുള‌ള രാജ്യങ്ങളിലൊന്നായ ഖത്തറിനോട് അവയുടെ പ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാനില്‍ ജനിച്ചവരെ ഉള്‍പ്പെടുത്തരുതെന്നും ഫ്രഞ്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. റഫാലിന്റെ രഹസ്യങ്ങള്‍ പാകിസ്ഥാന്‍ ചൈനയ്‌ക്ക് ഒ‌റ്റിക്കൊടുക്കും എന്നതിനാലാണിതെന്ന് ഫ്രാന്‍സ് അറിയിച്ചു. മുന്‍പും ഇത്തരം പ്രവര്‍ത്തികള്‍ പാകിസ്ഥാന്‍ ചെയ്‌തിട്ടുള‌ളതിനാലാണിത്.

നിലവില്‍ പാകിസ്ഥാന്‍ ഫ്രഞ്ച് സര്‍ക്കാരിന് നല്‍കുന്ന പ്രതിരോധ നവീകരണ അപേക്ഷകള്‍ സമഗ്രമായ പരിശോധനകള്‍ക്ക് ശേഷമേ അനുവദിക്കുന്നുള‌ളു.

ഫ്രാന്‍സില്‍ അക്രമം അഴിച്ചുവിട്ട യുവാവിന്റെ പിതാവിനോട് സംഭവങ്ങളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ വളരെ സന്തോഷമായെന്നും മകന്‍ വലിയൊരു കാര്യമാണ് ചെയ്‌തതെന്നും പ്രതികരിച്ചിരുന്നു. ഇതും ഫ്രാന്‍സിനെ വല്ലാതെ പ്രകോപിപ്പിച്ചു.

ഒക്‌ടോബര്‍ 29ന് ഫ്രാന്‍സ് സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗ്ളയോട് ഫ്രഞ്ച് സര്‍ക്കാര്‍ പാകിസ്ഥാനോടുള‌ള നിലപാട് അറിയിച്ചിരുന്നു. മിറാഷ് 3, മിറാഷ് 5 വിമാനങ്ങള്‍ നവീകരിക്കേണ്ട എന്ന തീരുമാനം പാകിസ്ഥാന്‍ വ്യോമസേനയെ വല്ലാതെ ബാധിക്കുമെന്നതില്‍ സംശയമില്ല. മ‌റ്റ് രാജ്യങ്ങള്‍ പോലും വാങ്ങാത്ത മിറാഷ് വിമാനങ്ങള്‍ പോലും പാകിസ്ഥാന്‍ പതി‌റ്റാണ്ടുകളായി ഫ്രാന്‍സില്‍ നിന്നും വാങ്ങാറുണ്ട്. 150 ഓളം മിറാഷ് വിമാനങ്ങള്‍ പാകിസ്ഥാനുണ്ടെങ്കിലും അവയില്‍ പകുതി എണ്ണം മാത്രമേ ഉപയോഗക്ഷമമായുള‌ളു.

മുന്‍പ് അന്തര്‍വാഹിനികളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജര്‍മ്മനിയും പാകിസ്ഥാനെ കൈവെടിഞ്ഞിരുന്നു. 2017ലെ കാബൂളിലെ ജര്‍മ്മന്‍ എംബസിക്ക് മുന്നിലുണ്ടായ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് ജര്‍മ്മനിയുടെ അന്വേഷണത്തില്‍ പാകിസ്ഥാന്‍ സഹകരിക്കാത്തതിനെ തുടര്‍ന്നാണിത്.

മുന്‍പ് മുസ്ളിം രഹിത ഭരണകര്‍ത്താക്കളുള‌ള രാജ്യങ്ങള്‍ക്ക് ഇസ്ളാമോഫോബിയ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഇമ്രാന്‍ഖാന്‍ കത്തെഴുതിയിരുന്നു. ഫ്രാന്‍സിലെ പാകിസ്ഥാന്റെ സ്ഥാനപതിയെ മടക്കിവിളിക്കാന്‍ പാകിസ്ഥാന്‍ ഭരണസഭ തീരുമാനിച്ചു. പാകിസ്ഥാനിലെ തെരുവുകളില്‍ ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വന്‍ ബഹുജന പ്രക്ഷോഭങ്ങളും നടന്നതും ഫ്രാന്‍സിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് പാകിസ്ഥാനുള‌ള പ്രതിരോധ സഹായങ്ങള്‍ ഫ്രാന്‍സ് നിര്‍ത്തിയത്.വിവിധ ലോകരാജ്യങ്ങള്‍ക്ക് തങ്ങളോടുള‌ള ബന്ധം വഷളാകുന്നതും ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുന്നതും പാകിസ്ഥാനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്.

prp

Leave a Reply

*