“ഇന്ത്യയെ പിണക്കരുത്” ; നേപ്പാളില്‍ സര്‍ക്കാരിനെതിരെ ജനരോഷം ഉയരുന്നു; കെ.പി. ഒലി സര്‍ക്കാരിനെതിരെ പാര്‍ട്ടിയിലും ഭിന്നത


ന്യൂദല്‍ഹി: ചൈനയ്ക്ക് വേണ്ടി ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം ആരംഭിച്ച കെ.പി. ശര്‍മ്മ ഒലി സര്‍ക്കാരിനെതിരെ നേപ്പാളില്‍ ജനരോഷം ശക്തമാകുന്നു. സുഹൃദ് രാജ്യമായ ഇന്ത്യയുമായി മനപ്പൂര്‍വ്വ സംഘര്‍ഷങ്ങള്‍ക്ക് ശ്രമിക്കുന്ന പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി സര്‍ക്കാര്‍ നേപ്പാളിന്റെ പ്രദേശങ്ങള്‍ ചൈന പിടിച്ചെടുക്കുമ്ബോള്‍ യാതൊന്നും ചെയ്യാതിരിക്കുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുവെന്നാണ് വിവരം. തിബറ്റിനോട് ചേര്‍ന്ന നേപ്പാളിന്റെ പത്ത് ഗ്രാമങ്ങള്‍ ചൈന ഇതിനകം കൈയേറിയെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ നേപ്പാളിലെ റുയി, തെയ്ഗ തുടങ്ങിയ ഗൂര്‍ഖാ ഗ്രാമങ്ങളടക്കമാണ് ചൈനയുടെ കൈവശമായത്. കെ.പി. ഒലി സര്‍ക്കാര്‍ നേപ്പാളിന്റെ വടക്കന്‍ അതിര്‍ത്തികള്‍ ചൈനയ്ക്കായി വിട്ടുനല്‍കിയെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു.

ജനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെ ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഭിന്നത രൂക്ഷമായി. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കെ.പി. ഒലിയുടെ രാജി ആവശ്യപ്പെട്ടു. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയാണ് പ്രചണ്ഡ. പ്രധാനമന്ത്രി ഒലി ഈ ആവശ്യം നിഷേധിച്ചതോടെ മന്ത്രിസഭയിലെ പ്രചണ്ഡ പക്ഷക്കാര്‍ അദ്ദേഹത്തിനെതിരായ നീക്കം ശക്തമാക്കി. രാജിവച്ചില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നുറപ്പായി. ഭരണപക്ഷത്തെ ഭിന്നിപ്പിനൊപ്പം പ്രതിപക്ഷ കക്ഷികള്‍ കൂടി ചേരുന്നതോടെ ഒലി സര്‍ക്കാര്‍ നിലംപതിക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചു.

നേപ്പാളിന്റെ മാപ്പ് പുനര്‍നിര്‍വചിച്ചത് ഒലി സര്‍ക്കാരിന്റെ ഏറ്റവും വലിയ വിഡ്ഢിത്തമായി പ്രചണ്ഡ കുറ്റപ്പെടുത്തി. ലിപുലേക്, കാലാപാനി, ലിംപിയാധുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭൂ ഭാഗത്തോട് ചേര്‍ത്തുകൊണ്ടാണ് നേപ്പാള്‍ പുതിയ മാപ്പ് തയാറാക്കിയത്. നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ ഹൂ യാന്‍കിയാണ് ഇന്ത്യക്കെതിരെ നേപ്പാള്‍ സര്‍ക്കാരിനെ രംഗത്തിറക്കിയതെന്നാണ് ആക്ഷേപം. നേരത്തെ പാക്കിസ്ഥാനിലെ ചൈനീസ് സ്ഥാനപതിയായിരുന്ന ഹൂ യാന്‍കിയെ ഈ ലക്ഷ്യത്തിനായാണ് നേപ്പാളിലേക്ക് ചൈന നിയോഗിച്ചതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ കുറ്റപ്പെടുത്തുന്നത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയെ സംഘര്‍ഷ മേഖലയാക്കി ഇരുരാജ്യങ്ങളിലേയും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢനീക്കമാണ് ഒലിയും ചൈനീസ് അംബാസിഡറും ചേര്‍ന്ന് നടപ്പാക്കിയത്. നേപ്പാളിലെ സംഭവ വികാസങ്ങളില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാത്തതും ശ്രദ്ധേയമാണ്.

നേപ്പാള്‍ അനാവശ്യമായ വിവാദങ്ങളുണ്ടാക്കുന്നുവെന്ന ഒറ്റവരി പ്രസ്താവന മാത്രമാണ് ഇതുവരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടത്തിയത്. എന്നാല്‍ നേപ്പാള്‍ രാഷ്ട്രീയത്തിലും നേപ്പാളി ജനതയിലും ശക്തമായ സ്വാധീനമുള്ള ഇന്ത്യക്ക് നേപ്പാളിലെ നിലവിലെ പ്രശ്‌നങ്ങള്‍ നിസ്സാരമായി പരിഹരിക്കാനാവുന്നതാണെന്ന വിലയിരുത്തലാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്.

prp

Leave a Reply

*