ഇമ്രാന്‍ ഖാന്‍ അറസ്റ്റിന്റെ വക്കില്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പി.ടി.ഐ പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാനെ വിദേശ ഫണ്ട് കേസില്‍ ഏത് നിമിഷവും അറസ്റ്റ് ചെയ്തേക്കാമെന്ന് റിപ്പോര്‍ട്ട്.

പി.ടി.ഐയ്ക്ക് വേണ്ടി വിദേശത്തു നിന്ന് കൃത്യമായ രേഖകളില്ലാതെ അനധികൃതമായി പണം സ്വീകരിച്ചെന്നാണ് ആരോപണം.

കേസില്‍ ഇമ്രാനെതിരെ അന്വേഷണം നടത്തുന്ന പാകിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നാലംഗ സംഘത്തെ അറസ്റ്റിനായി രൂപീകരിച്ചെന്ന് പാക് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഡയറക്ടര്‍ ജനറലിന്റെ അനുമതി ലഭിക്കുന്നതോടെ ഇമ്രാനെ ലാഹോര്‍ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുമെന്നാണ് അഭ്യൂഹം.

ഇമ്രാനെ കൂടാതെ മറ്റു പത്ത് പാര്‍ട്ടി പ്രവര്‍ത്തകരും കേസില്‍ പ്രതികളാണ്. ഇതേ കേസില്‍ കഴിഞ്ഞ ഒക്ടോബറിലും ഇമ്രാന്‍ അറസ്റ്റിന്റെ വക്കിലെത്തിയിരുന്നു. നിലവില്‍ ഷെഹ്‌ബാസ് ഷെരീഫ് സര്‍ക്കാരിനെതിരെ ഇമ്രാന്റെ ഭീഷണി രൂക്ഷമായ പശ്ചാത്തലത്തില്‍ അറസ്റ്റിലൂടെ അദ്ദേഹത്തെ നിശബ്ദമാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് പി.ടി.ഐ ആരോപിക്കുന്നു.

അതിനിടെ, തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ നടത്തിയ പ്രതിഷേധങ്ങളുടെ പേരിലെടുത്ത കേസില്‍ ലാഹോര്‍ ഹൈക്കോടതി ഇന്നലെ ഇമ്രാന് മാര്‍ച്ച്‌ 3 വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വൈകിട്ട് അഞ്ച് മണിയോടെ ഹാജരാകാന്‍ കോടതി ഇമ്രാന് അന്ത്യശാസനം നല്‍കിയിരുന്നു.

prp

Leave a Reply

*