ഇസ്ലാമാബാദ്: ( 22.10.2021) മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍ നല്‍കിയ സമ്മാനങ്ങള്‍ പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിറ്റതായി ആരോപണം. 10 ലക്ഷം ഡോളര്‍ വില വരുന്ന വാച ടക്കമുള്ള സമ്മാനങ്ങള്‍ വിറ്റതായാണ് റിപോര്‍ട്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്‌താന് ഈ സംഭവം വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
പാകിസ്‌താന്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മറിയം നവാസ് ഉര്‍ദുവില്‍ ട്വീറ്റ് ചെയ്തതോടെയാണ് ഈ സംഭവം വിവാദമായി മാറിയത്. മറ്റു രാജ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സമ്മാനങ്ങളെല്ലാം രാജ്യത്തിന്റെ സ്വത്തായാണ് നിയമപ്രകാരം കണക്കാക്കുന്നത്. ഇത് പൊതു ലേലത്തില്‍ കൂടിയല്ലാതെ വില്‍ക്കാനാവില്ല.
അതേസമയം 10000 രൂപയില്‍ കൂടുതല്‍ വിലമതിക്കാത്ത സമ്മാനങ്ങള്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് കൈവശം വെക്കാനാവുന്നതുമാണ്. ഇതിന് പണം നല്‍കേണ്ടതുമില്ല. ഗള്‍ഫിലെ രാജകുമാരനാണ് ഇമ്രാന്‍ ഖാന് പത്ത് ലക്ഷം ഡോളര്‍ വിലയുള്ള വാച് സമ്മാനമായി നല്‍കിയത്. ഇത് ബന്ധുവഴി ദുബൈയില്‍ ഖാന്‍ വിറ്റെന്നാണ് ആരോപണം. ഈ സംഭവം വാച് സമ്മാനിച്ച ഗള്‍ഫിലെ രാജകുമാരനും അറിഞ്ഞതായാണ് വിവരം.
മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ച സമ്മാനങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന തീരുമാനം കഴിഞ്ഞ മാസം പാകിസ്‌താന്‍ ഭരണകൂടം എടുത്തിരുന്നു. ഇത് ദേശീയ താത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു അന്ന് സര്‍കാര്‍ വ്യക്തമാക്കിയത്. ഇപ്പോഴുയരുന്ന വിവാദങ്ങള്‍ക്ക് ബലം നല്‍കുന്നത് കൂടിയാണ് ഈ തീരുമാനം.

