തിരുവനന്തപുരം: റിലീസ് ചെയ്ത് പത്തു വര്‍ഷം കഴിഞ്ഞിട്ടും ‘ഡാം 999’ എന്ന സിനിമയ്ക്കുള്ള വിലക്ക് നീക്കാന്‍ തമിഴ്നാട് തയ്യാറായിട്ടില്ല. 2011ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് സുപ്രീം കോടതിയുടെ പ്രദര്‍ശനാനുമതി ഉണ്ടായിരുന്നിട്ടു കൂടി തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ സെപ്തംബറില്‍ അവസാനിക്കേണ്ടിയിരുന്ന നിരോധനം തമിഴ്നാട് സര്‍ക്കാര്‍ വീണ്ടും പുതുക്കി ഉത്തരവിറക്കിയിരുന്നു. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് നിരോധനം കൃത്യമായി പുതുക്കിക്കൊണ്ടിരിക്കുന്ന നടപടി ദുഃഖകരമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സോഹന്‍ റോയ് പറഞ്ഞു.
വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്ബോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമയാണ് ഡാം 999. രണ്ടായിരത്തി പതിനൊന്നില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്ക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട് നിരോധനം തുടരുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്റര്‍ പതിക്കാന്‍ സമ്മതിക്കാതിരിക്കുക, പ്രദര്‍ശിപ്പിക്കാന്‍ മുന്നോട്ടുവന്ന തീയേറ്ററുകള്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുക, ചാനലുകളെ സ്വാധീനിച്ച് സാറ്റലൈറ്റ് അവകാശം എടുപ്പിയ്ക്കാതെ ഇരിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും ചിത്രത്തിന് അഭിമുഖീകരിക്കേണ്ടി വന്നതായി അദ്ദേഹം സൂചിപ്പിച്ചു. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു വിഭാഗങ്ങളിലായി അഞ്ച് എന്‍ട്രികള്‍ നേടിയ ചിത്രമാണ് ഡാം 999.

