ഇടുക്കി ഡാം ഇന്ന് തുറക്കില്ല; തീരുമാനം മരവിപ്പിച്ചു

തൊടുപുഴ: മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകള്‍ വീണ്ടും തുറക്കുന്നു. വൃഷ്‌ടി പ്രദേശങ്ങളില്‍ നീരൊഴുക്ക് കൂടിയതോടെ ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് വൈകുന്നേരം കെ.എസ്.ഇ.ബി തീരുമാനിക്കും.

മുന്‍കരുതലിന്‍റെ ഭാഗമായി ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഒരു ഷട്ടര്‍ വൈകുന്നേരം നാല് മണിയോടെ തുറക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പരിശോധിച്ച ശേഷം മാത്രം അണക്കെട്ട് തുറന്നാല്‍ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. രണ്ട് ദിവസത്തെ മഴയും നീരൊഴുക്കും നിരീക്ഷിക്കും.

അതേസമയം, കോഴിക്കോട് കക്കയം അണക്കെട്ടും പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകളും ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പമ്പ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തത്‌കാലത്തേക്ക് പമ്പയിലെ നിര്‍മാണം നിറുത്തി വയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആവശ്യമായ സമയങ്ങളില്‍ അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ മുന്‍കൂട്ടി ജില്ലാ കളക്ടര്‍മാരെ അറിയിച്ച്‌ അനുമതി വാങ്ങണമെന്നാണ് തീരുമാനം. ജലവിഭവ വകുപ്പും, കെ.എസ്.ഇ.ബിയും അണക്കെട്ടുകളിലേക്ക് എത്തുന്ന ജലവും, നിലവിലെ സ്ഥിതിയും, അണക്കെട്ടിലെ ദീര്‍ഘകാല ജല അളവുകളും, മഴയുടെ പ്രവചനവും പരിഗണിച്ച്‌ ജലം നിയന്ത്രിക്കാനുള്ള രൂപരേഖ തയ്യാറാക്കും.

തമിഴ്നാടിന്‍റെ നിയന്ത്രണത്തിലുള്ള എല്ലാ അണക്കെട്ടുകളും പരമാവധി സംഭരണ ശേഷിക്കടുത്തായതിനാല്‍ ഇവ മുന്‍കൂട്ടി തുറന്നുവിടാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണം എന്ന് കേന്ദ്ര ജല കമ്മിഷനോട് ആവശ്യപ്പെടും. ഷോളയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ആവശ്യത്തിന് കുറച്ച്‌ നിര്‍ത്തുവാനുള്ള നടപടി സ്വീകരിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വേലിയേറ്റം, വേലിയിറക്കം എന്നിവ കൂടി പരിഗണിച്ചായിരിക്കും അണക്കെട്ടുകള്‍ തുറക്കുക.

കെ.എസ്.ഇ.ബിയുടെയും, ജലവിഭവ വകുപ്പിന്‍റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയര്‍ വിമാനങ്ങളും കേരളത്തിന്‍റെ തീരത്തോട് അടുത്തുള്ള അറബിക്കടല്‍ മേഖലയില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മൈക്കിലൂടെയും റേഡിയോ വഴിയും മുന്നറിയിപ്പ് നല്‍കും.

prp

Related posts

Leave a Reply

*