ഇദായ് ചുഴലിക്കാറ്റ്; മൊസാമ്പിക്കില്‍ അഞ്ച് ലക്ഷം പേര്‍ പെരുവഴിയില്‍

ബെയ്‌റ: ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്കില്‍ കഴിഞ്ഞ ആഴ്ച്ച വീശിയടിച്ച ഇദായ് ചുഴലിക്കാറ്റില്‍ അഞ്ച് ലക്ഷം പേര്‍ക്ക് വീട് നഷ്ടമായെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. മൂന്നു രാജ്യങ്ങളിലായി 30 ലക്ഷം പേരെയാണ് ദുരിതം ബാധിച്ചത്. മാര്‍ച്ച് 15ന് ആയിരുന്നു മൊസാമ്പിക്കില്‍ ചുഴലിക്കാറ്റ് എത്തിയത്. ഇതുവരെ 700 പേര്‍ കൊല്ലപ്പെട്ടന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രവചനങ്ങള്‍.

250 ദശലക്ഷം ഡോളര്‍ സഹായം അടുത്ത മൂന്നു മാസത്തേക്ക് മൊസാമ്പിക്കിന് നല്‍കാനാണ് ഐക്യരാഷ്ട്ര സഭ തീരുമാനം. മൊസാംബിക്കിലും സിംബാബ്‌വേയിലുമായി കനത്ത പ്രഹരമാണ് ചുഴലിക്കാറ്റ് നല്‍കിയത്. കുറഞ്ഞത് ആയിരം പേരെങ്കിലും മരണപ്പെട്ടതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൊസാംബിക്കിലെ ബെയ്‌റ നഗരത്തില്‍ കരയ്ക്കടിഞ്ഞ ഇദായ് ചുഴലിക്കാറ്റ് കനത്ത മഴയും അതിശക്തമായ കാറ്റും ഒപ്പം അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിലും കലാശിച്ചു. റോഡുകളും പാലങ്ങളും ഒഴുകിപ്പോയി. മൊസാംബിക്കിലെ രണ്ട് നദികള്‍ പുംഗ്‌വെ, ബുസീ കരകവിഞ്ഞ് ഗ്രാമങ്ങളെ മുഴുവന്‍ വിഴുങ്ങി. സിംബാംബ്‌വെയില്‍ 98 പേര്‍ കൊല്ലപ്പെട്ടു. 217 പേരെ കാണാതായിട്ടുണ്ട്. മൊസാംബിക്കിനോട് അതിര്‍ത്തി പങ്കിടുന്ന പ്രവശ്യകളിലാണ് ഏറ്റവും ഗുരുതരമായ അപകടങ്ങള്‍ ഉണ്ടായത്.

മണിക്കൂറില്‍ 177 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ചുഴലിക്കാറ്റായിരുന്നു ഇദായ്. ദക്ഷിണാര്‍ധ ഗോളത്തില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇദായ് എന്നാണ് ഐക്യരാഷ്ട്ര സംഘടന വിലയിരുത്തിയത്. ആറ് മീറ്ററോളം ഉയരത്തില്‍ പ്രളയജലം മൊസാമ്പിക്കില്‍ ഉയര്‍ന്നു എന്നാണ് വിലയിരുത്തല്‍.

prp

Related posts

Leave a Reply

*