കൊച്ചി
നിയമം മറികടന്ന് സര്‍വകലാശാലയുടെ തലപ്പത്ത് നിയമനം നടത്താന്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി.
സര്‍വകലാശാല നിയമത്തിന്റെ 13 (7) വകുപ്പ് പാലിച്ചുമാത്രമേ നിയമനം സാധ്യമാകൂ. അതിനാല്‍, സര്‍ക്കാര്‍ നല്കിയ പാനല്‍ മറികടന്ന് സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സലറെ നിയമിക്കാന്‍ ചാന്സലര്ക്കാകില്ലെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കെടിയു താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ചത് ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ തീര്‍പ്പാക്കിയുള്ള ഉത്തരവിലാണ് പരാമര്‍ശം. തിങ്കളാഴ്ചയാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
വിസിയായിരുന്ന ഡോ. എം എസ് രാജശ്രീ, സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥാനം ഒഴിഞ്ഞതോടെയാണ് താല്‍ക്കാലിക നിയമനം വേണ്ടിവന്നത്. ഡിജിറ്റല്‍ സര്‍വകലാശാല വിസിക്കോ പ്രോ വിസിക്കോ ചുമതല നല്‍കണമെന്ന സര്‍ക്കാര്‍നിര്‍ദേശം കണക്കിലെടുക്കാതെ ഗവര്‍ണര്‍ ഏകപക്ഷീയമായി സിസയെ നിയമിച്ച് ഉത്തരവിറക്കിയെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. കെടിയു വിസി നിയമനത്തിന് ഗവര്‍ണറുടെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തി സേര്‍ച്ച് ആന്‍ഡ് സെലക്ഷന് കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും തുടര്‍നടപടി വേഗം പൂര്‍ത്തിയാക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതയുള്ളവരെ ഗവര്‍ണര്‍ക്ക് വിസിയായി നിയമിക്കാം. എന്നാല്‍, ആരെ നിയമിക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. നേരത്തേ ശുപാര്‍ശ ചെയ്തവര്‍ക്ക് യോഗ്യതയില്ലെന്നതിനാല് യോഗ്യതയുള്ളവരെ ശുപാര്‍ശ ചെയ്യാനുള്ള അവകാശം സര്‍ക്കാരിന് ഇല്ലാതാകുന്നില്ല. സിസ തോമസിനെ നിയമിച്ചത് ആറുമാസത്തേക്കാണ്. അത്രയുംകാലം സിസ വിസിയായി തുടരണമോയെന്നത് സര്‍ക്കാരിന് തീരുമാനിക്കാം. ഈ കാലയളവില്‍ പുതിയ വിസിയെ നിയമിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാം. വിസി നിയമനത്തിന് സേര്‍ച്ച് ആന്‍ഡ് സെലക്ഷന് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണറുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം അനാവശ്യമാണെന്നും വിധിയില്‍ പറയുന്നു.

