ബംഗളൂരു: മംഗളൂരുവിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു വധക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ബന്ത്വാള്‍ ടൗണിനടുത്ത ഇദുക്കി വില്ലേജിലെ കമ്യൂണിറ്റി ഹാള്‍ കസ്റ്റഡിയിലെടുത്തു.
മിട്ടൂര്‍ എന്ന പേരിലുള്ള ടൗണ്‍ഹാള്‍ ഭീകരപ്രവൃത്തികള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടൗണ്‍ഹാളും ചുറ്റുമുള്ള സ്ഥലവും തങ്ങളുടെ കസ്റ്റഡിയിലാക്കിയതെന്നും എന്‍.ഐ.എ സംഘം പറഞ്ഞു. നിരോധിത സംഘടനയായ പി.എഫ്.ഐ പ്രവര്‍ത്തകര്‍ ഇവിടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം നേടിയതായും പറയുന്നു. കമ്യൂണിറ്റി ഹാള്‍ ആര്‍ക്കും വാടകക്ക് നല്‍കരുതെന്നും ഒരു തരത്തിലുള്ള പ്രവൃത്തിയും ഇവിടെ നടത്തരുതെന്നും ഉടമക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 26നാണ് പ്രവീണിനെ ദക്ഷിണ കന്നട ജില്ലയിലെ പുത്തൂര്‍ നെട്ടാരുവിലെ കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങവേ ബൈക്കുകളിലെത്തിയ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.
പ്രവീണ്‍ കൊല്ലപ്പെട്ട സുള്ള്യ ബെല്ലാരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബന്ധുവീട്ടില്‍ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസര്‍കോട് സ്വദേശി മസൂദ് (19) ജൂലൈ 21ന് കൊല്ലപ്പെട്ടിരുന്നു. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് ഈ കേസില്‍ പ്രതികള്‍. ഇതിന്‍റെ പ്രതികാരമായാണ് പ്രവീണിന്‍റെ കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. പ്രവീണ്‍ വധക്കേസില്‍ 20 പ്രതികള്‍ക്കെതിരെ എന്‍.ഐ.എ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 14 പേരെ അറസ്റ്റ് ചെയ്തു. ഒളിവിലായ ആറുപേര്‍ക്കെതിരെ തിരച്ചില്‍ തുടരുകയാണ്. 240 സാക്ഷിമൊഴികളുള്ള 1500 പേജുള്ള കുറ്റപത്രമാണ് നല്‍കിയിരിക്കുന്നത്. കേസിലെ പ്രതിയും എന്‍.ഐ.എ കസ്റ്റഡിയിലുള്ളയാളുമായ ഷാഫി ബെല്ലാരെക്ക് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുമെന്ന് അടുത്തിടെ എസ്.ഡി.പി.ഐ അറിയിച്ചിരുന്നു. ഇത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.

